അഹമ്മദാബാദ്:പൊലീസുകാരെ കൊല്ലുക എന്ന വിവാദ ഉപദേശവുമായി ഹര്‍ദിക് പട്ടേല്‍ രംഗത്ത്.സ്വന്തം അനുയായികള്‍ക്ക് ഈ ഉപദേശം നല്‍കുന്നത് ഗുജറാത്തില്‍ പട്ടേല്‍ സമുദായം നടത്തിയ സംവരണ സമര നേതാവായ ഹര്‍ദിക് പട്ടേലാണ്.പ്രക്ഷോഭത്തിന്റെ വിജയത്തിനായി ആത്മാഹുതി നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച വിപുല്‍ ദേശായി എന്ന യുവാവിന്റെ സൂറത്തിലെ വീട് സന്ദര്‍ശിച്ച ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹര്‍ദിക് പട്ടേല്‍ ഈ ഉപദേശം നല്‍കിയതെന്ന ഡി. എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
‘നിനക്ക് അത്രയും ധൈര്യമുണ്ടെങ്കില്‍, പോയി ഇത്തിരി പൊലീസുകാരെ കൊല്ലൂ. പട്ടേലുമാര്‍ ഒരിക്കലും ആത്മഹത്യ ചെയ്യരുത്’ ഇതായിരുന്നു ഹര്‍ദിക് പട്ടേലിന്റെ ഉപദേശം. ജീവനൊടുക്കരുതെന്നും രണ്ടോ മൂന്നോ പൊലീസുകാരെ കൊല്ലാമെന്നുമാണ് ഹര്‍ദിക് പട്ടേല്‍ പറഞ്ഞതെന്ന് വിപുല്‍ ദേശായി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍, തങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗമാണ് പിന്തുടരുന്നതെന്നും കൊലപാതകം തങ്ങളുടെ മാര്‍ഗമല്ലെന്നും ഹര്‍ദിക് പട്ടേലിന്റെ പ്രസ്താവന തെറ്റായിപ്പോയെന്നും സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് കണ്‍വീനര്‍ ലാല്‍ജി പട്ടേല്‍ പറഞ്ഞു.പിന്നീട്, തന്റെ പരാമര്‍ശം ഹര്‍ദിക് പട്ടേല്‍ നിഷേധിച്ചു. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ആളുകളെ വഴിതെറ്റിക്കാനാണ് ശ്രമമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.