കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സമരമായിരുന്നു ചുംബന സമരം. കപട സദാചാരവാദികള്‍ക്കെതിരെ രൂപം കൊണ്ട് സമരം കൊച്ചിയിലാണ് നടന്നത്. തുടര്‍ന്ന് കേരളത്തിന്‍രെ പല ഭാഗത്തേയ്ക്കും മറ്റ് സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിലേക്കുമൊക്കെ അത് പടര്‍ന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ചുംബനം ഒരു സമര രൂപമല്ല, വലിയ സമ്മാനങ്ങള്‍ ലഭിക്കുന്ന മത്സര ഇനമാണ് ചുംബനം.
ജാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദമ്പതികള്‍ക്കായി ഒരു പരസ്യചുംബനമത്സരം സംഘടിപ്പിച്ചത്. മത്സരം സംഘടിപ്പിച്ചതോ സ്ഥലം എം എല്‍ ഏയുടെ നേതൃത്വത്തിലുമാണ്.
ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 321 കിലോമീറ്റര്‍ അകലെയുള്ള ഡുമാരിയ എന്ന ആദിവാസി ഗ്രാമത്തിലാണു വിചിത്രമായ ഈ മത്സരം അരങ്ങേറിയത്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ എം എല്‍ ഏ ആയ സിമോന്‍ മരന്ദിയാണു മത്സരം സംഘടിപ്പിച്ചത്. പ്രദേശത്തെ ആദിവാസി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും അഭിസംബോധനചെയ്യാനാണു ഇത്തരമൊരു മത്സരം നടത്തിയതെന്ന് ഇദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇത്തരമൊരു മത്സരം ദമ്പതികള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുമെന്നാണു ഇദ്ദേഹം പറയുന്നത്. കഴിഞ്ഞ 37 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ദുമാരിയ മേളയിലെ ഒരു മത്സരയിനമായാണു ഇത്തവണ ദമ്പതികളുടെ ചുംബനമത്സരം കൂട്ടിച്ചേര്‍ത്തത്. ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് പതിനെട്ടോളം ദമ്പതികളാണു ‘ലിപ് ലോക്ക്’ ചെയ്ത ചുംബനം നടത്തിയത്. വലിയൊരു ഫുട്‌ബോള്‍ ഗ്രൌണ്ടിലാണു മത്സരം അരങ്ങേറിയത്.