കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ഭാര്യ ആശ ഷാജിയുടെ പേരിലുള്ള 25 ലക്ഷം രൂപയടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.എംഎല്‍എയായിരുന്ന സമയത്ത് അഴീക്കോട് സ്‌കൂളില്‍ ഒരു അധ്യാപികയ്ക്ക് സ്ഥിരനിയമനം നല്‍കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 2016ല്‍ വിജിലന്‍സ് കെഎം ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ പണം ഉപയോഗിച്ച് ഭാര്യയുടെ പേരില്‍ വീടും സ്ഥലവും ഷാജി വാങ്ങിയതായി ഇഡി കണ്ടെത്തുകയായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രില്‍ 18നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്. കോഴിക്കോട് വേങ്ങേരി ഗ്രാമത്തിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. 2014 ൽ അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് നടപടി. സ്‌കൂളിന്റെ കണക്കുകളും സാക്ഷി മൊഴികളും പരിശോധിച്ചുകൊണ്ടുള്ള അന്വേഷണത്തിൽ ഈ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നു.
വയനാട്ടിൽ അടക്കം വിവാദ ഭൂമി ഇടപാടുകൾ ഷാജി നടത്തിയെന്നും, കള്ളപ്പണ ഇടപാടുകളിൽ ഷാജിക്ക് പങ്കുണ്ടെന്നും വ്യക്തമാക്കുന്ന നിരവധി തെളിവുകളും ഇഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇഡി അന്വേഷണം ആരംഭിച്ചതും സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടന്നതും. മുൻ എംഎൽഎയെയും ഭാര്യയെയും ഉദ്യോഗസ്ഥര് നിരവധി തവണ ചോദ്യം ചെയ്യുകയും വീട്ടിൽ റെയ്ഡ് നടത്തുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് കണ്ടുകെട്ടിയത്.