
കൊച്ചി : കൊച്ചിയിൽ 80 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേരെ ആദായനികുതിവകുപ്പ് പിടികൂടി. പണമിടപാട് സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആദായനികുതി ഉദ്യോഗസ്ഥരെത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെട്ടു. പിടിയിലായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ ചോദ്യം ചെയ്യുകയാണ്.
ഇടപ്പള്ളി അഞ്ചുമനയില്‍ നാലുസെന്റ് സ്ഥലവും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാനാണ് ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയത്. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 80 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു.പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. പണം കൈമാറുന്ന സമയത്തുണ്ടായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് നഗരത്തിലെ പല റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായാണ് വിവരം.
അതേസമയം കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എൽ.എ പി.ടി.തോമസ്. സ്ഥലത്തു നിന്നും താൻ ഓടി രക്ഷപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണെന്നും പി.ടി.തോമസ് വെളിപ്പെടുത്തി എന്ന് ന്യൂസ് 18 റിപ്പോർട്ടു ചെയ്തു.
കൊച്ചി ഇടപ്പള്ളിയിൽ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് എം.എൽ.എ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി ആയിരുന്നു പ്രചാരണം. ഇടതു എം.എൽ.എമാരടക്കം സൂചനകൾ തൽകി ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു .പോസ്റ്ററുകളിൽ പ്രചരിപ്പിക്കുന്ന എം.എൽ.എ താനാണെന്ന് തൃക്കാക്കര എം.എൽ.എ പി.ടി.തോമസ് ന്യൂസ് 18നോട് പറഞ്ഞു. തന്റെ മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകൾക്കായാണ് താൻ സ്ഥലത്തു പോയത്. അവിടെ നിന്നും മടങ്ങും വഴി ചിലർ പോകുന്നത് കണ്ടിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പി.ടി.തോമസ് പറഞ്ഞു.