കൊച്ചിയില്‍ എ’ക്ക് തിരിച്ചടി വീതം വെപ്പ് സുധീരന്‍ തടഞ്ഞു. സൗമിനി ജെയിന്‍ മേയര്‍ സ്ഥാനാര്‍ത്ഥി

കൊച്ചി: കൊച്ചിയില്‍ എ’ഗ്രൂപിന്റ് വിലപേശല്‍ നടന്നില്ല .കെ.പി.സി.സി. നേതൃത്വം ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥിയായി സൗമിനി ജെയിനിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിലെ എ വിഭാഗം തീരുമാനമെടുത്തു. രണ്ടര വര്‍ഷം വീതം ഷൈനി മാത്യുവിനും സൗമിനി ജെയിനിനും പങ്കുവെയ്ക്കാനായിരുന്നു മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം എ വിഭാഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ കെ.പി.സി.സി. മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത നടപടികള്‍ ഉണ്ടാവരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ശക്തമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എ വിഭാഗത്തിന് തീരുമാനം മാറ്റേണ്ടി വന്നു. ആദ്യമായി കൗണ്‍സിലറായ ഷൈനി മാത്യുവിനു പകരം മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സൗമിനി ജെയിനിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ എ വിഭാഗത്തിന് മനസ്സില്ലാ മനസ്സോടെ തീരുമാനിക്കേണ്ടി വന്നു.

ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ് മേയര്‍ സ്ഥാനാര്‍ത്ഥിയായി സൗമിനി ജെയിനിനേയും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായി ടി.ജെ. വിനോദിനേയും പ്രഖ്യാപിച്ചു. അംഗങ്ങള്‍ തീരുമാനം അംഗീകരിച്ച ശേഷം ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് ബാബു സംസാരിച്ചപ്പോള്‍, കെ.പി.സി.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചു പോകണമെന്നും വരുന്ന അഞ്ച് വര്‍ഷം, ഇപ്പോള്‍ കസേരയില്‍ ഇരുത്തിയവരുടെ കീഴില്‍ മുന്നോട്ടുപോകണമെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിവാദ്യ പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന കൗണ്‍സിലറായ കെ.ആര്‍. പ്രേമകുമാര്‍ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്നും ചില സമുദായത്തെ മാത്രം പ്രീണിപ്പിക്കുന്ന സമീപനമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും പ്രേമകുമാര്‍ പറഞ്ഞു. പശ്ചിമ കൊച്ചിയെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണെന്ന് പ്രേമകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി. മാനദണ്ഡങ്ങള്‍ പൂര്‍ണമായി അനുസരിച്ചുകൊണ്ടാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഉപാധികളോ കാലാവധിയോ ഒന്നുമില്ലാതെയാണ് സൗമിനി ജെയിനിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും വി.ജെ. പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സുരേഷ് ബാബുവും ഉപാധികളില്ലാതെയാണ് തിരഞ്ഞെടുപ്പെന്ന് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.

Top