കൊച്ചി മെട്രോ അവസാനഘട്ടത്തില്‍; പരീക്ഷണ ഓട്ടം ആരംഭിച്ചു; കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അനുമതി

കൊച്ചി: കൊച്ചി മെട്രോയുടെ അവസാനഘട്ട പരീക്ഷണ ഓട്ടം ആരംഭിച്ചു. കേന്ദ്ര മെട്രോ സുരക്ഷാ കമ്മീഷന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് അവസാനഘട്ട പരീക്ഷണ ഓട്ടം നടക്കുന്നത്. രാവിലെയോടെ തന്നെ പൂര്‍ണസജ്ജമായ ട്രാക്കിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി. രാവിലെ ആറിന് ആലുവയില്‍ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. നാല് ട്രെയിനുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രാത്രി 9.30ന് ഓട്ടം അവസാനിക്കും. 142 ട്രിപ്പുകളാണുണ്ടാവുക. വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും.

സാധാരണ യാത്രാ സര്‍വിസിന് സമാനമായിരിക്കും പരീക്ഷണ ഓട്ടമെങ്കിലും യാത്രക്കാരെ കയറ്റുന്നില്ല. ആലുവ മുതല്‍ പാലാരിവട്ടംവരെയും തിരിച്ചുമുള്ള സര്‍വിസുകളില്‍ എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. അനൗണ്‍സ്‌മെന്റ് കൂടാതെ ട്രെയിനിനകത്തുള്ള ഡിസ്‌പ്ലേയില്‍ അതാത് സ്റ്റേഷനുകളുടെ വിവരങ്ങളും മറ്റും പ്രദര്‍ശിപ്പിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ സംവിധാനങ്ങള്‍ പരീക്ഷിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും പാളവും സുരക്ഷാ കമ്മീഷന്‍ പരിശോധിച്ചത്. പരിശോധനയില്‍ ഇവര്‍ നേരത്തേ തൃപ്തിയും രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായത്. പാളം, സിഗ്‌നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

ചെന്നൈ, ബെംഗളൂരു മെട്രോ സ്‌റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്‌റ്റേഷനെന്നും സേഫ്റ്റി കമ്മീഷര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്റ്റേഷനുകളില്‍ സുരക്ഷാകാമറകള്‍ കൂടുതല്‍ സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.

Top