അഞ്ചുവര്‍ഷം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍

തൃശൂര്‍: അഞ്ചുവര്‍ഷം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍. ഒല്ലൂക്കര സ്വദേശി കൊച്ചുവീട്ടില്‍ സജി ജോണി(44)ന്റെ അസ്ഥികൂടമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കിഴക്കേകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്‌ഷോപ്പ് കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിലായിരുന്നു അവശിഷ്ടങ്ങള്‍.

മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം കണ്ടെത്തിയ കൊന്ത സജി ധരിച്ചിരുന്നതാണെന്ന് സഹോദരി ഡെയ്‌സി വര്‍ഗീസ് തിരിച്ചറിഞ്ഞു. കൊന്തക്ക് പുറമേ സജിയുടേതെന്ന് സംശയിക്കുന്ന ഷര്‍ട്ട് തയ്യല്‍ക്കാരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തലയോട്ടി, ശരീരത്തിലെ പ്രധാന എല്ലുകള്‍, രണ്ട് ചാക്കുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
സജിയുടേത് കൊലപാതകമാണെന്നാണ് പൊലിസ് സംശയിക്കുന്നത്. ചാക്കില്‍ കെട്ടിയാകും മൃതദേഹം ടാങ്കിലിട്ടതെന്നാണ് സംശയം.വര്‍ക്‌ഷോപ്പ് ഉടമയും സജിയുടെ സുഹൃത്തുമായ ദിലീപിന് കൊലപാതകത്തില്‍ പങ്കുള്ളതായി പൊലിസ് സംശയിക്കുന്നു. ദിലീപ് കഴിഞ്ഞ നാല് വര്‍ഷമായി ദുബായിലാണ്. പണം പലിശക്ക് കൊടുക്കലും സ്വര്‍ണ ബിസിനസുമാണ് സജി നടത്തിയിരുന്നത്. വര്‍ക്‌ഷോപ്പ് നടത്തിയിരുന്ന ദിലീപിന് സജി പണം കടംകൊടുത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നുമാണ് പൊലിസ് നിഗമനം. 2010 ഓഗസ്റ്റ് 29മുതലാണ് സജിയെ കാണാതായത്. സംഭവദിവസം ദിലീപ് വീട്ടിലെത്തി സജിയെ വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. ഭാര്യ പുഷ്പയുടെ പരാതിയനുസരിച്ച് സര്‍ക്കാര്‍ 2012 ലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. മക്കള്‍: ഡിയ, സാന്ദ്ര, ഡാനിയ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top