കൊച്ചി: നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കരയില്‍ കൊലചെയ്യപ്പെട്ട പടയാട്ടില്‍ പരേതനായ ഡേവീസിന്റെ ഭാര്യ മോളി(61) ക്രൂര ബലാല്‍സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാല്‍സംഗത്തിനിടെ ചെറുത്തു നില്‍ക്കുകയും ബഹളം വെക്കുകയും ചെയ്ത മോളിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് പ്രതി മുന്ന എന്ന പരിമള്‍ സാഹു(26) കൊലപ്പെടുത്തിയത്. പുത്തന്‍വേലിക്കരക്ക് സമീപമുള്ള കുറുമ്പത്തുരുത്ത് പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന് പോയ പ്രതി അവിടെ നാട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. രാത്രി ഒരു മണിയോടെ മോളിയുടെ വീട്ടിലെത്തിയ ഇയാള്‍ ഇവരെ വിളിച്ചുണര്‍ത്തിയ ശേഷം ആക്രമിച്ചു കീഴ്‌പ്പെടുത്തുകയായിരുന്നു. വീടിന്റെ ഉമ്മറത്ത് കിടന്ന വലിയ വെള്ളാരങ്കല്ലുകൊണ്ട് ആദ്യം മുഖത്തടിച്ചു. സ്വീകരണ മുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ ശേഷമാണ് ബലാല്‍സംഗം ചെയ്തത്. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി. ഇതിനിടെ ശബ്ദം കേട്ട് ബുദ്ധിമാന്ദ്യമുള്ള മകന്‍ ഡെനി(32) എത്തിയെങ്കിലും മുന്ന കുടുംബവുമായി വളരെ അടുത്ത ആളായതുകൊണ്ടാകണം കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടാതിരുന്നതെന്ന് പൊലീസ് കരുതുന്നു. കൊലപാതകം നടത്തിയത് മകന്‍ ഡെനിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. മോളിയെ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുമ്പോള്‍ ഡെനിയും കൂടെയുണ്ടായിരുന്നു. മുറി പുറത്തു നിന്നും പൂട്ടിയ ശേഷം താക്കോല്‍ മറ്റൊരു മുറിയില്‍ കൊണ്ടു പോയി വെക്കാന്‍ ഡെനിയെയാണ് പ്രതി ഏല്‍പിച്ചത്.
ഡെനിയുടെ ദേഹത്ത് ചോര പുരട്ടാനും ഇയാള്‍ മറന്നില്ല. അതുകൊണ്ടു തന്നെ പൊലീസ് ആദ്യം സംശയിച്ചത് ഡെനിയെയായിരുന്നു. അധികം സംസാരിക്കാന്‍ അറിയാത്ത ഡെനി മുന്നക്ക് എല്ലാമറിയാം എന്ന് ആവര്‍ത്തിച്ച് പറഞ്ഞതാണ് പ്രതിയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പരിമള്‍ സാഹുവിന്റെ മൊഴികളിലെ വൈരുദ്ധ്യം തുടക്കത്തിലേ തന്നെ വ്യക്തമായി. മോളിയുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നു പറഞ്ഞ് ഇയാള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു. എന്നാല്‍ റൂറല്‍ എസ്പിയും ഡിവൈഎസ്പിയുമടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇയാള്‍ക്ക് അധിക സമയം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മോളി തനിക്ക് പണം തരാനുണ്ടായിരുന്നുവെന്നും അതിന്റെ വൈരാഗ്യം മൂലമാണ് ആക്രമിച്ചതെന്നും ഇയാള്‍ പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. മോളി കൊലചെയ്യപ്പെടുമ്പോള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നതില്‍ നിന്നു തന്നെ മോളിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന പ്രതിയുടെ മൊഴി പച്ചക്കള്ളമാണെന്നും വ്യക്തമായിട്ടുണ്ട്. പരിമള്‍ സാഹുവുമായി ബന്ധമുള്ള നാട്ടുകാരായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടതിനാല്‍ വിട്ടയച്ചു. മൂന്നു വര്‍ഷം മുമ്പ് കൊടുങ്ങല്ലൂരിനടുത്തുള്ള ആനാപ്പുഴയില്‍ ഐസ് പ്ലാന്റില്‍ജോലിചെയ്തിരുന്ന ഇയാള്‍ അവിടെ വെച്ച് അടിപിടിക്കേസില്‍ പ്രതിയായിരുന്നു.ഒപ്പം ജോലി ചെയ്തിരുന്ന പുത്തന്‍വേലിക്കര സ്വദേശികളുടെ സഹായത്തോടെയാണ് ആ നാട്ടിലെത്തിയത്. കോഴിക്കടയില്‍ ഇറച്ചിവെട്ടുകാരനായി ജോലി ചെയ്ത ഇയാള്‍ കുറച്ചു നാളായി കടകളില്‍ അരി വിതരണം ചെയ്യുന്ന കുറുമ്പത്തുരുത്ത് സ്വദേശിക്കൊപ്പമാണ് ജോലി ചെയ്തിരുന്നത്.
മോളിയുടെ വീട്ടില്‍ വാടകക്ക് താമസം തുടങ്ങി അധികം വൈകാതെ ഇയാള്‍ വീട്ടിലെ വിശ്വസ്തനായി മാറി. കുടുംബാംഗത്തിനുള്ള സ്വാതന്ത്ര്യം ഇയാള്‍ക്ക് മോളി നല്‍കിയിരുന്നു. അവധി ദിവസങ്ങളില്‍ ഷോപ്പിംഗിന് പോകുമ്പോള്‍ സഹായത്തിന് ഇയാളും കൂടെ പോയിരുന്നു. എന്നാല്‍ ഇയാളുടെ ലൈംഗിക താല്‍പര്യം തിരിച്ചറിയാന്‍ മോളിക്ക് കഴിഞ്ഞില്ലെന്നാണ് പൊലീസ് അനുമാനിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ വൈകുന്നേരത്തോടെ പറവൂര്‍ മജിസ്‌ട്രേറ്റ് മുമ്ബാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.