കൊച്ചി: ഊബര്‍ ഡ്രൈവര്‍ക്കെതിരെ കൊച്ചിയില്‍ വീണ്ടും ആക്രമണം. അക്രമികള്‍ കവര്‍ച്ച നടത്താനാണ് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അഞ്ച് ട്രാന്‍സ്ജെന്‍ഡേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി ഭൂമിക (ലിജിന്‍-20), വൈറ്റില സ്വദേശികളായ ശ്രുതി (അമല്‍-24), സോനാക്ഷി (സുധീഷ്-20), ചെങ്ങന്നൂര്‍ സ്വദേശി അരുണിമ (അരുണ്‍-23), നെയ്യാറ്റിന്‍കര സ്വദേശി നിയ (സന്തോഷ്-23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2.30-നാണ് സംഭവം. ഹൈക്കോടതി ജങ്ഷനില്‍ ഓട്ടം കാത്തുകിടന്ന ആലുവ സ്വദേശിയായ ഊബര്‍ ഡ്രൈവറെയാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് ആക്രമിച്ചത്. ഓട്ടം വന്നതിനെ തുടര്‍ന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവിന്റെ കാറില്‍ ഏഴുപേര്‍ അടങ്ങുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘം എത്തി ഇടിച്ചു. ഈ സമയം കാറിന്റെ ചില്ല് താഴ്ത്തിയ യുവാവിന്റെ പോക്കറ്റില്‍ കൈയിട്ട് മൊബൈല്‍ ഫോണും പണവും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഭയന്ന യുവാവ് കാറുമായി പോയി. ഈ സമയം അതുവഴി വന്ന പോലീസ് വാഹനം തടഞ്ഞ് യുവാവ് വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്‍ട്രല്‍ സി.ഐ. അനന്തലാലും സെന്‍ട്രല്‍ എസ്.ഐ. എബിയും വനിത പോലീസുകാരും അടങ്ങിയ സംഘം ഉടനെ പ്രതികളെ പിടികൂടി. മറ്റു രണ്ട് പ്രതികളെക്കൂടി പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇത്തരക്കാരെക്കുറിച്ച് വ്യാപകമായ പരാതിയാണ് പോലീസിന് ലഭിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു. ഇവരോടുള്ള അടുപ്പം പുറത്ത് അറിയാതിരിക്കാന്‍ പലരും അവര്‍ക്കു സംഭവിക്കുന്ന മര്‍ദനങ്ങളും കവര്‍ച്ചകളും മൂടിവെയ്ക്കുന്നു. ഇത് അക്രമികള്‍ക്ക് ഗുണകരമാകുന്നു എന്ന് സി.ഐ. പറഞ്ഞു.
രാത്രിയിലും വെളുപ്പിനും പള്ളിയില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ് എന്നു കാണിച്ച് ഐ.ജി. പി. വിജയന് എറണാകുളം സെയ്ന്റ് വിന്‍സെന്റ് റോഡ് റസിഡന്റ്സ് അസോസിയേഷന്‍കാര്‍ പരാതി നല്‍കിയിരുന്നു. ഇത് പോലീസ് അന്വേഷിച്ചു വരികയാണ്. ഏതാനും മാസം മുമ്പ് സമാനമായ കവര്‍ച്ച നടത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ഇവരുടെ അസോസിയേഷനും മറ്റും ഇടപെട്ട് നടത്തിയ ചര്‍ച്ചയ്ക്കു ശേഷം കുറച്ചുനാളത്തേക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റ് ജില്ലകളില്‍നിന്ന് വരുന്ന ചെറുപ്പക്കാര്‍ ഇവരുടെ പ്രധാന ഇരകളാണ്. സ്ത്രീ വേഷം കെട്ടി സംഘങ്ങളായിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത് എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.