കൊച്ചി: തെരുവുനായകളെ കൊല്ലുമെന്ന് പറഞ്ഞ കേരള സര്‍ക്കാരിനെതിരെ രംഗത്തുവന്നവര്‍ക്കെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത്. സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുത്താല്‍ നിയമപരമായി നേരിടുമെന്ന് പറഞ്ഞവരോടാണ് ചിറ്റിലപ്പിള്ളി പറയുന്നത്. തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിക്കാന്‍ ഏത് നായയാണ് ഇവര്‍ക്ക് പണം നല്‍കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
സംസ്ഥാനത്തു ജനങ്ങള്‍ നിയമം കൈയിലെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അവസ്ഥ വൈകാതെയുണ്ടാകുമെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. തെരുവുനായ കേസുകളില്‍ സുപ്രീം കോടതിയില്‍ നായകള്‍ക്കു വേണ്ടി വാദിക്കുന്നതു മണിക്കൂറുകള്‍ക്കു ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകരാണ്. ഏതു പട്ടിയാണ് ഇവര്‍ക്കു ഇത്രയും പണം നല്‍കുന്നതെന്ന് അന്വേഷിക്കണം. കോഴി, ആട്,താറാവ് എന്നിവയെ കൊല്ലാമെങ്കിലും തെരുവു നായകളെ മാത്രം കൊല്ലാന്‍ പാടില്ലെന്നതു എന്ത് ന്യായമാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചോദിച്ചു.
കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം തെരുവ് നായ്ക്കളുണ്ടെന്നാണു കണക്ക്. 50 രൂപ പിഴ കൂട്ടിയാല്‍ ഒന്നേ കാല്‍ കോടി രൂപയാണു അടക്കേണ്ടി വരിക. കേരളത്തിലെ യുവാക്കള്‍ വിചാരിച്ചാല്‍ ഒറ്റദിവസം കൊണ്ടു തെരുവു നായ്ക്കളെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും മരുന്നു ലോബികളുടെ സ്വാധീനവും കേന്ദ്ര ഇടപെടലും കാരണം ഇത് തടയപ്പെടാന്‍ സാധ്യതയുണ്ട്. നായ്ക്കളെ കൊന്നാല്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന പ്രശാന്ത് ഭൂഷന്റെ പ്രസ്താവന ഇതുമായി കൂട്ടിവായ്ക്കണം. തിരുവനന്തപുരം പുല്ലുവിളയില്‍ അപകടമുണ്ടായി ഏഴു ദിവസം പിന്നിട്ടിട്ടും നായകളുടെ ആക്രമണം നിര്‍ത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
അപകടകാരികളായ ഏതു മൃഗത്തെയും കൊല്ലാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. ആനയെ വെടി വെച്ചു കൊല്ലാം, പുലിയെ കൊല്ലാം. എന്നാല്‍ മനുഷ്യനെ കടിച്ചുപറിക്കുന്ന പട്ടിയെ കൊല്ലാന്‍ പറ്റില്ലെന്നതാണു സ്ഥിതി. പുല്ലുവിളയില്‍ വീട്ടമ്മ കൊല്ലപ്പെടാന്‍ കാരണം അവരുടെ കൈവശം മാംസമുണ്ടായിരുന്നുവെന്ന മേനക ഗാന്ധിയുടെ പരാമര്‍ശം മൊത്തം മലയാളികളെ അവഹേളിക്കുന്നതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണം. എംപിമാര്‍ ഇവര്‍ക്കെതിര പ്രതികരിക്കണം.മേനക ഗാന്ധിയുമായി നേരിട്ടു ബന്ധമില്ലാതെ വകുപ്പിലെ കാര്യങ്ങളിലാണു അവര്‍ ഇപ്പോള്‍ ഇടപെടുന്നത്.
നായകളെ കൊന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന ഓലപ്പാമ്പ് കേരളത്തില്‍ ഇനി ചിലവാകില്ല. നായയെ കൊന്നാല്‍ ആദ്യത്തെ പരമാവധി ശിക്ഷ 50 രൂപ പിഴ മാത്രമാണ്. പൊലീസ് സ്റ്റേഷനില്‍ തന്നെ ജാമ്യം ലഭിക്കും.അപകടകാരികളായ തെരുവു നായ്ക്കളെ കൊന്ന കുറ്റത്തിനു നിയമ നടപടി നേരിടേണ്ടിവരുന്നവരുടെ കേസുകള്‍ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ഏറ്റെടുത്തു നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മൃഗസ്‌നേഹികളും സംഘടനകളും എല്ലാ മൃഗങ്ങളെയും ഒരുപോലെ സ്‌നേഹിക്കാതെ തെരുവുനായകളെ മാത്രം സ്‌നേഹിക്കുന്നതിനു പിന്നിലെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിയണം. തെരുവുനായ വിഷയത്തില്‍ കേരളത്തിന്റെ ഭാഗം വാദിക്കാന്‍ പല പ്രമുഖ അഭിഭാഷകരും തയ്യാറല്ല. മേനക ഗാന്ധിയുമായി ബന്ധപ്പെട്ട പല ട്രെസ്റ്റുകളുടെയും കേസ് വാദിക്കുന്നതിനാല്‍ തനിക്ക് കേസ് വാദിക്കാന്‍ കഴിയില്ലെന്നാണു ഒരു പ്രമുഖ അഭിഭാഷകന്‍ പറഞ്ഞതെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വെളിപ്പെടുത്തി.
പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്‍ ബിസിനസ് കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 2800 കോടി രൂപയുടേതാണ്. വന്‍കിട മരുന്നു ലോബിയുടെ ഇടപെടല്‍ മാധ്യമങ്ങള്‍ അന്വേഷിക്കണം. നായ്ക്കളെ വന്ധീകരിച്ചാല്‍ പ്രശ്‌നം തീരുന്ന കാലം കഴിഞ്ഞിരിക്കയാണ്. എണ്ണം പെരുകിയതിനാല്‍ ഇനി കൊല്ലുക മാത്രമാണു പോംവഴി. 50 രൂപ പിഴയടച്ചു ജനങ്ങള്‍ തന്നെ തെരുവുനായകളെ കൊല്ലാന്‍ മുന്നോട്ടു വരുന്ന സ്ഥിതിയുണ്ടാകും. നായകളെ മാത്രം വന്ധീകരിക്കാനെ പാടുള്ളുവെന്ന എബിസി പ്രോഗ്രാം എങ്ങനെയുണ്ടായെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. വന്ധീകരിക്കപ്പെട്ട നായ വീണ്ടും ജനങ്ങളെ കടിക്കിലെന്ന് എന്താണ് ഉറപ്പ് ? ഇന്ത്യയുടെ ഭാഗമായ നാഗാലാന്‍ഡില്‍ പട്ടിയിറച്ചി കഴിക്കാം.
കേരളത്തില്‍ കൊല്ലാന്‍ പാടില്ലെന്ന വിരുദ്ധ നിലപാട് ചോദ്യം ചെയ്യപ്പെടണം. പ്രധാനമന്ത്രിക്ക് പ്രശ്‌നങ്ങള്‍ സംബന്ധിച്ചു കത്തയക്കും. നടപടി ഉണ്ടയായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു വൈസ് ചെയര്‍മാന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി, ഡോ.ജോര്‍ജ് സ്ലീബ എന്നിവര്‍ സംസാരിച്ചു. തെരുവുനായ ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട വൈപ്പിന്‍ സ്വദേശി പത്മപ്രിയ എന്ന വിദ്യാര്‍ഥിനിയും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു.