തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കുത്തകമാധ്യമങ്ങള്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുടെ വോട്ടിനു വേണ്ടിയാണ് എ.കെ ആന്റണി ചെങ്ങന്നൂരിലെത്തിയതെന്നും സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെഎം മാണി ഉള്‍പ്പെടെയുള്ളവരുടെ പുറകെ പോകേണ്ട സാഹചര്യം ഇടതുമുന്നണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എന്‍ഡിപിയേയും, ബിഡിജെഎസിനേയും സിപിഎം വ്യത്യസ്ത രീതിയിലാണ് കാണുന്നത്. ഇടത് മുന്നണിയുടെ ജനകീയ അടിത്തറ വിപുലീകരിക്കാന്‍ തിരുമാനിച്ചതായും കോടിയേരി വ്യക്തമാക്കി.മുന്നണി പ്രവര്‍ത്തനത്തില്‍ കാലോചിതമായി മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി മാസത്തില്‍ രണ്ട് തവണയെങ്കിലും യോഗം ചേരും, മാത്രമല്ല മുന്നണിയുമായി സഹകരിക്കുന്ന എല്ലാ പാര്‍ട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച തീരുമാനിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.