കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചു. ബിനീഷ് കോടിയേരിക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജരാഘവന് താത്ക്കാലിക ചുമതല നല്‍കി. തുടര്‍ ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നെന്നാണ് വിശദീകരണം.
അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. പാര്‍ട്ടി യോഗത്തില്‍ കോടിയേരി അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതു സംബന്ധിച്ച് ചര്‍ച്ചയില്ലായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.
2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018 ല്‍ കോഴിക്കോട് സമ്മേളനവും കോടിയേരി സെക്രട്ടറിയായി തുടരാന്‍ തീരുമാനിച്ചു. മക്കള്‍ തീര്‍ത്ത വിവാദങ്ങളുടെ കാര്‍മേഘമാണ് കോടിയേരിയുടെ സ്ഥാനം നഷ്ടമാക്കുന്നതിലേക്ക് നയിച്ചത്. ആദ്യം ബിനോയ് കോടിയേരിക്കെതിരായ വിവാദം ഉയര്‍ന്നുവന്ന ഘട്ടത്തിലും കോടിയേരി സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അത് നിഷേധിക്കുകയും ആ സാമ്പത്തിക പരാതി തീര്‍പ്പായതോടെ വിവാദം കെട്ടടങ്ങുകയുമായിരുന്നു.
എന്നാല്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ ബെംഗളൂരുവില്‍ മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടുകയും അതിലെ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടാണ് ബിനീഷ് കോടിയേരിയുടെ പേര് ആ കേസിലേക്ക് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് ബിനീഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റിലാകുകയും ചെയ്തു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിനീഷിന്റെ വീട് റെയ്ഡ് ചെയ്യുന്ന ഘട്ടം വരെയെത്തി. ആദ്യം ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ വൈകാതെ എന്‍സിബിയും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ അതീവ ഗൗരവമായ കേസില്‍ മകന്‍ പ്രതിയായി നില്‍ക്കുന്ന അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായ തുടരുന്നതിലെ നൈതികത പലതലങ്ങളിലായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍ ആസന്നമാക്കിയത്.