കോണ്‍ഗ്രസിന് 213 സീറ്റെന്ന് അമേരിക്കന്‍ സര്‍വേ..!! 39 % വോട്ടുംകളും പ്രവചിക്കുന്നു; 24 സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച കണക്ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള മത്സരമായി മാറുകയാണ് ഉത്തരേന്ത്യയിലെ ഇലക്ഷൻ. ഇനി അവശേഷിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്കായി കച്ച മുറുക്കുകയാണ് ഇരുവരും. മൂന്ന് ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ആർക്കും മുൻതൂക്കം പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് നിരീക്ഷകർ. എന്നാൽ പുറത്ത് വരുന്ന സർവേകളിൽ പലതും മോദിക്കെതിരായ രാഷ്ട്രീയ കാറ്റ് വാശുന്നതായാണ് കാണിക്കുന്നത്. അവസാനമായി അമേരിക്കൻ മാധ്യമം നടത്തിയ സർവേ ഫലവും രാഹുലിന് പ്രാമുഖ്യം കൽപ്പിക്കുന്നു.

അമേരിക്കൻ വെബ്‌സൈറ്റായ ‘മീഡിയം ഡോട്ട് കോം’ പുറത്തുവിട്ട സർവേ പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 213 സീറ്റുകകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് കേന്ദ്രങ്ങളിൽ ആവേശം പകരുന്ന ഈ റിപ്പോർട്ട് സൈബർ ലോകത്ത് ചർച്ചയായിരിക്കുകയാണ്. ഇതിൽ മറ്റൊരു സർവേയും പ്രവചിക്കാത്ത വിധത്തിൽ കോൺഗ്രസ് ഒറ്റയ്ക്ക് 213 സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിന് 282 സീറ്റുകളാണ് ആവശ്യം. യുപിഎയിലെ കക്ഷികളെയും ഒപ്പം ചേർക്കുമ്പോൾ ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടുമെന്നാണ് സർവേയിലെ റിപ്പോർട്ട്. അതേസമയം ബിജെപിക്ക് 170 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് സർവേ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം ആധാരമാക്കിയാണ് അമേരിക്കൻ വെബ്‌സൈറ്റായ ‘മീഡിയം’ ഈ സർവേയിലെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 39 ശതമാനം വോട്ടുകളാണ് കോൺഗ്രസ് നേടുമെന്നും വെബ്‌സൈറ്റ് അഭിപ്രായപ്പെടുന്നു. എന്നാൽ ബിജെപി 2014 ൽ നേടിയ 31 ശതമാനം വോട്ടുകൾ തന്നെ ഇത്തവണയും നേടുമെന്നും എന്നാൽ സീറ്റുകൾ കുറവായിരിക്കുമെന്നും സൈറ്റ് പറയുന്നു. മറ്റ് പാർട്ടികൾ മൊത്തമായി 160 സീറ്റുകൾ നേടും. ഒരു ബ്രിട്ടീഷ് ഗവേഷണ സംഘത്തിന്റെ പഠനഫലം ആധാരമാക്കിയാണ് ‘മീഡിയം’ ഈ നിഗമനത്തിലെത്തുന്നത്. ഇന്ത്യയിലുടനീളം സഞ്ചരിച്ച് വിവരശേഖരണം നടത്തി സംഘം നൽകിയ വിവരത്തിന്റെ അടിസഥാനത്തിലാണ് ഈ നിഗമനമെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 20,500ഓളം ജനങ്ങളിൽ നിന്നുമാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്. ഗവേഷണ സംഘത്തോട് പ്രതികരിച്ചവരിൽ 48 ശതമാനം പേർ സ്ത്രീകളും 52 പേർ പുരുഷന്മാരുമാണെന്നും വെബ്‌സൈറ്റിൽ പറയുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റുകൾ മാത്രമാണ് നേടാനായത്. എന്നാൽ പിന്നീട് വിവിധയിടങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഇത് 50 ആയി ഉയർന്നുവെന്ന കാര്യങ്ങൾ അടക്കം എടുത്തു പറയുന്നുണ്ട്. കോൺഗ്രസ് കേന്ദ്രങ്ങൾക്ക് ഏറെ സന്തോഷം പകരുന്ന വിവരമാണ് സർവേയിൽ ഉള്ളതെങ്കിലും ഈ സർവ്വേക്കെതിരെ കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്.

സൈബർ ലോകത്തു നിന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖാണ് ഇതിൽ പ്രമുഖൻ. ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് പറയാതെയാണ് ‘മീഡിയം’ സർവേ പുറത്തുവിട്ടിരിക്കുന്നത്. ബാക്കിയുള്ളവരും ഇത് തന്നെ ചെയ്യുമെന്നും തെരഞ്ഞെടുപ്പിന്റെ നടക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ ഒരു സർവേ പുറത്ത് വരുന്നത് ഗൗരവതരമായ കാര്യമാണെന്നും ദേശ്മുഖ് വിമർശിച്ചു. ഇപ്പോൾ ഈ സർവേ വൈറൽ ആകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിലെ പോരായ്മകളാണ് പുറത്തുകൊണ്ട് വരുന്നതെന്നും യശ്വന്ത് ദേശ്മുഖ് പറഞ്ഞു.

‘വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ തെരഞ്ഞെടുപ്പ് സർവേകൾ പുറത്ത് വിടാൻ പാടില്ലെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആസ്ഥാനത്തുള്ളതാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതാണ് അതിനുള്ള കാരണം. ഇന്നത്തെ മാധ്യമങ്ങൾ ഡിജിറ്റലാണ്, അത് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുകയാണ്. ചൈനയിലെ സർക്കാർ ആണെങ്കിൽ ഒരുപക്ഷെ അതിനെ നിയന്ത്രിക്കാനായേക്കും. ആവശ്യം സ്വയം നിയന്ത്രണവും, തുറന്ന ചർച്ചകളുമാണ്. ബാക്കിയെല്ലാം ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥഭരണമാണ്.’ യശ്വന്ത് ദേശ്മുഖ് ട്വിറ്ററിൽ കുറിച്ചു.

ഏഴു ഘട്ടങ്ങളിലായി ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞു. മെയ്‌ 23നാണ് ഫലം വോട്ടെണ്ണൽ നടക്കുക. അടുത്തിടെയായി കോൺഗ്രസ് പാർട്ടിക്കും മറ്റും ദേശീയ മാധ്യമങ്ങളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം അന്തർദേശീയ മാധ്യമങ്ങൾ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയിലും പ്രതീക്ഷ അർപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ടകളാണ് നൽകിയത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിയാണ് ഇന്ത്യയുടെ ഭാവി പ്രതീക്ഷ എന്ന വിധത്തിൽ അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസിലും ലേഖനം വന്നിരുന്നു. ‘റിമാർക്കബിൾ കംബാക്ക് ഓഫ് രാഹുൽ ഗാന്ധി’ എന്ന് തലക്കെട്ടോടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മോദിക്ക് ബദൽരാഷ്ട്രീയവുമായി വെല്ലുവിളിയാണെന്ന വിധത്തിൽ ലേഖനമെഴുതിയത്. 44 സീറ്റുകളുമായി പാർലമെന്റിൽ കോൺഗ്രസ് ചുരുങ്ങിയപ്പോൾ രാഹുലിന്റെ പ്രതിച്ഛായ താരതമ്യേന മോശമായിരുന്നു. അമ്മ സോണിയ ഗാന്ധിയിൽ നിന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള വിമുഖത, പ്രസംഗിച്ച് ജനങ്ങളെ കൈയിലെടുക്കുന്നതിൽ കാട്ടിയ നിസ്സംഗത, എന്നിവയെല്ലാം രാഹുലിനെ വലതുപക്ഷക്കാരുടെ ട്രോൾ ആക്രമണത്തിന് ഇരയാക്കി.

എന്നാൽ, കഴിഞ്ഞ 18 മാസത്തിനിടെ കാര്യങ്ങൾ മാറിമറിഞ്ഞെന്ന് ന്യൂയോർക്ക് ടൈംസ് ലേഖകൻ സുശീൽ ആരോൺ വിലയിരുത്തുന്നു. ഷാർപ്പായ സോഷ്യൽ മീഡിയ ക്യാമ്പെയിൻ, ആത്മവിശ്വാസത്തോടെയുള്ള പൊതുപ്രസംഗം, ചെറിയ നഗരങ്ങളിൽ യുവാക്കളുമായുള്ള സംവാദം, തുടർച്ചയായ വാർത്താസമ്മേളനങ്ങൾ എന്നിവയെല്ലാം രാഹുലിന്റെ മാർക്ക് കൂട്ടി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മോദി വാർത്താസമ്മേളനങ്ങളെ അഭിമുഖീകരിക്കാൻ മടിച്ചതും ന്യൂയോർക്ക് ടൈംസ് ഓർമിപ്പിച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രചരണ തന്ത്രങ്ങളെയും പുകഴ്‌ത്തിയാണ് ലേഖനം വന്നത്. ഐക്യവും, അഖണ്ഡതയും പ്രതീക്ഷയും, ഉയർത്തിപ്പിടിക്കുന്ന നയസമീപനമാണ് രാഹുൽ സ്വീകരിച്ചത്. മോദി ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി നിൽക്കുമ്പോൾ, രാഹുലാകട്ടെ കാര്യങ്ങൾ പഠിച്ചെടുക്കാൻ താൻ സന്നദ്ധനാണെന്ന സന്ദേശം നൽകുന്നതിൽ വിജയിക്കുകയു ചെയതു. പാവങ്ങളെ സഹായിക്കാനുളംള ന്യായ് പദ്ധതി, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ കൂടുതൽ പണം ചെലവഴിക്കാനുള്ള തീരുമാനം ഇതിനെല്ലാം സ്വീകാര്യത കിട്ടി. ഹിന്ദു ദേശീയവാദത്തിന്റെ ആക്രമണാത്മകനയത്തോട് ശക്തമായ വിയോജിപ്പുള്ളവരെ കോൺഗ്രസിനോട് അടുപ്പിക്കുന്ന സമീപനമാണ് അദ്ധ്യക്ഷൻ സ്വീകരിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ നന്മയ്ക്കായി സാമൂഹിക ഐക്യവും സമാധാനവും, ഭരണഘടനാ മൂല്യങ്ങളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന സമീപനവും ശക്തമായ സാമൂഹിക ജനാധിപത്യ നയത്തിലുള്ള ഊന്നലും മോദിക്ക് ബദലൊരുക്കുമെന്ന് ലേഖനത്തിൽ പറഞ്ഞിരുന്നു.

Top