കൊല്ലം: കലക്ട്രേറ്റിലെ സ്‌ഫോടനത്തിനു പിന്നിലും തീവ്രവാദം തന്നെയെന്ന് കണ്ടെത്തല്‍. നിരോധിത തീവ്രവാദ സംഘടനയായ അല്‍-ഉമ്മയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് രഹസ്യാന്വേഷണസംഘം കണ്ടെത്തി.
ആന്ധ്രപ്രദേശിലെ ചിത്തൂര്‍ കോടതിയില്‍ നടന്ന സ്ഫോടനത്തിനു സമാനമാണു കൊല്ലത്തുണ്ടായതെന്നും സ്ഥിരീകരിച്ചു. അതേസമയം, ഇക്കാര്യം സ്ഥിരീകരിക്കാന്‍ കേരള പൊലീസ് തയാറായിട്ടില്ല. ബോംബില്‍ ഘടിപ്പിച്ച ബാറ്ററികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ആന്ധ്ര ബന്ധം വ്യക്തമാക്കിയത്. ആന്ധ്രയില്‍നിന്നു കൊണ്ടുവന്നതാണ് ഈ ബാറ്ററികളെന്നു വ്യക്തമായതോടെ ചിത്തൂര്‍ സ്ഫോടനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു. ഇരു സ്ഫോടനങ്ങള്‍ക്കും സമാനതയുണ്ടെന്നു കണ്ടെത്തിയതോടെയാണ് അല്‍-ഉമ്മയുടെ പങ്കു വ്യക്തമായത്. നേരത്തേ, കോയമ്പത്തൂര്‍ സ്ഫോടനപരമ്പര നടത്തിയതും അല്‍-ഉമ്മയായിരുന്നു.
ജൂണ്‍ പതിനൊന്നിനായിരുന്നു കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിയുടെ പരിസരത്തു സ്ഫോടനമുണ്ടായത്. ഉപയോഗിക്കാതെ നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിലാണ് സ്ഫോടക വസ്തു സ്ഥാപിച്ചിരുന്നത്. സ്ഫോടനത്തില്‍ കോടതി ആവശ്യത്തിന് എത്തിയ നീരൊഴുക്കില്‍ സാബുവിനു പരുക്കേറ്റിരുന്നു. രാവിലെ കോടതി തുടങ്ങുന്നതിനു മുമ്പായിരുന്നു സ്ഫോടനം. ആട് ആന്റണി പ്രതിയായ മണിയന്‍പിള്ള കൊലപാതകക്കേസ് വിചാരണ നടക്കുന്ന കോടതിയിലാണു സ്ഫോടനമുണ്ടായത്. ഈ കേസുമായി ബന്ധമുണ്ടോ എന്നായിരുന്നു പൊലിസിന്റെ അന്വേഷണം.
പിന്നീട്, മാവോയിസ്റ്റുകളെയും ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിലും തുമ്പു കിട്ടിയില്ല. കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ ഭീതി വിതയ്ക്കുന്ന തരത്തില്‍ ഡിഎച്ച്ആര്‍എം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതായിരുന്നു ഈ വിധം അന്വേഷണം നടത്താന്‍ പൊലീസിനെ പ്രേരിപ്പിച്ച കാര്യം. ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ നേരത്തേ കോടതിയിലേക്കു തീപ്പന്തം എറിഞ്ഞ കേസും ഈ സംശയത്തിനു ബലം കൂട്ടിയിരുന്നു. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തില്‍ ഡിഎച്ച്ആര്‍എമ്മിനു പങ്കില്ലെന്നു വ്യക്തമായി.
സംശയിച്ച സംഘടനകള്‍ക്കു ബന്ധമില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കു നീണ്ടത്. സ്ഫോടനത്തില്‍ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറാനാണ് യുഎപിഎ ചുമത്തിയത്. ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറുമായി ബന്ധമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.