സ്വന്തം ലേഖകൻ
കൊല്ലം: മൺറോത്തുരുത്തിൽ ഭാര്യയേയും പിഞ്ചു കുഞ്ഞുങ്ങളെയും എഡ്വേർഡ് കൊലപ്പെടുത്തിയത് സംശയ രോഗത്തെ തുടർന്നെന്ന് പൊലീസ്. സംഭവത്തിൽ മൺറോത്തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ.എഡ്വേർഡിനെതിരെ (അജിത്40) കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
എഡ്വേർഡിന്റെ ഭാര്യ വർഷ (26), മക്കളായ അലൈൻ (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരെയാണ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന അടുപ്പവും മക്കൾ തന്റേതല്ലെന്ന സംശയവുമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്.
വർഷയുടെയും കുഞ്ഞുങ്ങളുടെയും കൈകളിൽ കുത്തിവച്ചതിന്റെ പാടുകളുണ്ട്. വിഷം കുത്തിവെയ്ക്കാനുപയോഗിച്ച സിറിഞ്ചും സൂചിയും വീടിനുള്ളിലെ ടോയ്‌ലെറ്റിൽ നിന്ന് കണ്ടെത്തി. വിഷക്കുപ്പി കണ്ടെത്താനായില്ല.
്
വർഷയ്ക്ക് മൂന്നുവർഷമായി മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നതായും പൊലീസ് പറയുന്നു. മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനശേഷം വർഷ എഡ്വേർഡിനൊപ്പം പോകാതെ മുഖത്തലയിലെ് സ്വന്തം വീട്ടിൽ താമസിച്ചുവരികെയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് എഡ്വേർഡ് മൂത്തകുട്ടികളെ കേരളപുരത്തെ വാടവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ബുധനാഴ്ച രാവിലെ മുഖത്തലയിലെ വീട്ടിലെത്തി വർഷയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു. തുടർന്ന് വർഷ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി എഡ്വേർഡിനെതിരേ പരാതി നൽകിയിരുന്നു.
്തുടർന്ന് എഡ്വേർഡിനെ പൊലീസ് വിളിച്ചുവെങ്കിലും കോവിഡ് രോഗിയാണെന്നും വരാനാവില്ലെന്നും അറിയിക്കുകയായിരുന്നു. എന്നാൽ ഇനി പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പു നൽകിയതോടെ വർഷയെയും കുഞ്ഞിനെയും പൊലീസ് ഓട്ടോറിക്ഷയിൽ കേരളപുരത്തേക്ക് തിരിച്ചയക്കുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ഇരുവരും വീണ്ടും വഴക്കു തുടങ്ങി. വർഷ കൈയിൽ കിട്ടിയ വടിയുമായി എഡ്വേർഡിനെ അടിക്കാനെത്തി. ഇത് പിടിച്ചുവാങ്ങി എഡ്വേർഡ് വർഷയെ അടിയ്ക്കുകയും അടികൊണ്ട് വർഷ ബോധരഹിതയായി വീഴുകയും ചെയ്തു.
ഇതോടെയാണ് മൂന്നു പേർക്കും വിഷം കുത്തിവയ്ക്കുകയായിരുന്നു. ഈ മൂത്ത കുട്ടി വീടിനുപുറത്തേക്കു പോയി. എഡ്വേർഡ് ശീതളപാനീയത്തിൽ വിഷം ചേർത്ത് മൂത്ത കുട്ടിക്കു കൊടുത്തു. സ്വയം കുടിക്കുകയും ചെയ്തു.
എന്നാൽ മൂത്ത മകൾ വിഷം കലർന്ന ശീതളപാനീയം കുടിക്കാതെ പുറത്തു കളഞ്ഞു. മൂത്ത കുട്ടിക്ക് എഡ്വേർഡ് വിഷം നൽകിയില്ലെന്നും സംശയമുണ്ട്. വിദേശത്തുള്ള തന്റെ ജേഷ്ഠന് ഫോൺ ചെയ്ത ശേഷം മൂത്ത മകളെ നോക്കിക്കൊള്ളണമെന്ന് എഡ്വേർഡ് ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.