മലപ്പുറം: പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് പല കോണില്‍ നിന്നും വിമര്‍ശനങ്ങളാണ് ഉയരുന്നത്. വെടിക്കെട്ടുകള്‍ നിര്‍ത്തലാക്കണമെന്നാണ് പലരുടെയും ആവശ്യം. ക്ഷേത്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നടത്തുന്ന വെടിക്കെട്ടുകള്‍ നിര്‍ത്തലാക്കണമെന്നാവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കേരള യുക്തിവാദി സംഘമാണ്.
ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കേരള യുക്തിവാദി സംഘം വ്യക്തമാക്കിയത്. പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ വെടികെട്ട് നടത്താന്‍ അനുമതി കൊടുത്തതില്‍ ആഭ്യന്തര മന്ത്രിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് കരുതുന്നതായും യുക്തിവാദി സംഘം മുഖ്യ രക്ഷാധികാരി യു കാലാനാഥന്‍ പറയുന്നു.
ആരാധനയുടെ പേരില്‍ ക്ഷേത്രങ്ങളില്‍ നടപ്പാക്കുന്ന ദുരാചാരങ്ങളെ ചവിട്ടി പുറത്താക്കേണ്ട കാലം എന്നേ അതിക്രമിച്ചുവെന്ന് കാലാനാഥന്‍ പറഞ്ഞു. വെടിക്കെട്ട് ദുരന്തത്തില്‍ ഇനിയും ഭക്തര്‍ മരിക്കാതിരിക്കണമെങ്കില്‍ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടണം.
ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നവര്‍ തലയും തലച്ചോറും ഇല്ലാത്തവരാണ്. ക്ഷേത്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലെയും വെടിക്കെട്ടുകള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.