കൊല്ലം: ആവേശത്തിന്റെ പുറത്ത് പ്രസംഗത്തിലൂടെ കൊലവിളി നടത്തിയ കൊല്ലം തുളസി അറസ്റ്റിലായി. അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
യുവതികളെ രണ്ടായി കീറിമുറിച്ച് മുഖ്യമന്ത്രിക്കും സുപ്രീംകോടതിക്കും അയച്ചുകൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസ്താവന അതീവ ഗൗരവമേറിയതും, പ്രകോപനപരവും മനഃപൂര്‍വ്വം സ്ത്രീകളെ അപമാനിച്ച് കലാപം നടത്താന്‍ ഉദ്ദേശിച്ചതുമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
സ്ത്രീകളെ രണ്ടായി വലിച്ചുകീറിയതിന് ശേഷം ഇതില്‍ ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരിവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറയുകയുണ്ടായി.
ശബരിമലയില്‍ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമര പരിപാടികളില്‍ സജീവമായിരുന്നു സിനിമാ നടനായ കൊല്ലം തുളസി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലെ മുഖ്യപ്രാസംഗികനും തുളസിയായിരുന്നു. ആ ചടങ്ങിനിടയിലാണ് ദേശീയ തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ട വിവാദ പരമാര്‍ശങ്ങങ്ങള്‍ കൊല്ലം തുളസി നടത്തിയത്. സംഭവത്തില്‍ പിന്നീട് കൊല്ലം തുളസി പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും പോലീസ് അദ്ദേഹത്തിനെതിരെ അപ്പോഴേക്കും നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.