കൊല്ലം: ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു കഷ്ണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മറു കഷ്ണം ഡല്‍ഹിയിലേക്കും എറിഞ്ഞുകൊടുക്കണമെന്ന് പ്രസംഗത്തില്‍ പറഞ്ഞ നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗൗരവമേറിയ വകുപ്പുകള്‍. ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാതിയിന്മേല്‍ ചവറ പൊലീസാണ് കേസെടുത്തത്. വനിതാ കമ്മിഷനും തുളസിക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജഡ്ജിമാര്‍ക്കെതിരെയുള്ള വിമര്‍ശനത്തിന് നിയമ നടപടിക്കായി സി.പി.എമ്മിന്റെ അഭിഭാഷക സംഘടന കോടതിയെ സമീപിക്കുമെന്നാണ് വിവരം. സംഭവത്തില്‍ പിന്നീട് കൊല്ലം തുളസി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചെങ്കിലും കേസ് ഇല്ലാതാകില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
പൊതുസ്ഥലത്ത് സ്ത്രീകളെ ലൈംഗികമായി ആക്ഷേപിച്ചതിന് ( കേരളാ പൊലീസ് ആക്ട് 119 എ), മറ്റുള്ളവരുടെ മത വിശ്വാസങ്ങളെ വ്രണപ്പെടുത്തിയതിന് ( ഐ.പി.സി 295 എ) , ഒരു വിഭാഗത്തിനിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്തി അവരെ കലാപത്തിന് ആഹ്വാനം ചെയ്തിന് (ഐ.പി.സി 298) ,സ്ത്രീകളുടെ അന്തസിനും അഭിമാനത്തിനും കളങ്കം വരുത്തുന്ന നിലയില്‍ അശ്ലീലമായ പരാമര്‍ശം നടത്തിയതിന് (354 എ നാല് ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കൊല്ലം തുളസി അറിയപ്പെടുന്ന കലാകാരനായതിനാല്‍ പൊലീസ് ധൃതി പിടിച്ച് അറസ്റ്റിലേക്ക് നീങ്ങിയേക്കില്ല. നടന്റെ സൗകര്യം മാനിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം വേണ്ടി വന്നാല്‍ അറസ്റ്റിലേക്ക് നീങ്ങും. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി കൊല്ലം തുളസി കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്.