ആലപ്പുഴ: പാല ഉപതെരഞ്ഞെടുപ്പിൽ തോറ്റമ്പി നിൽക്കുന്ന യുഡിഎഫിനെയും കോൺഗ്രസ് പാർട്ടിയെയും വീണ്ടും വെട്ടിലാക്കുന്നതെ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളാണ്. എംപിമാരായി കളമൊഴിഞ്ഞ മുരളീധരനും അടൂർ പ്രകാശും നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ നിർത്താൻ മുന്നണിക്ക് കഴിഞ്ഞില്ല. കോന്നിയിൽ ഇത് വളരെ വലിയ തിരിച്ചടി നൽകുമെന്നാണ് കണക്ക്കൂട്ടുന്നത്.
കോന്നിയിലെ പടലപ്പിണക്കം മറികടക്കാനും പൊതുജനസമ്മിതി നേടാനുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ അദ്ദേഹത്തിന് കുരിശായിരിക്കുകയാണ്. ശബരമല വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു-” ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത വീട്ടില്‍പോലും കയറ്റാത്ത സ്ത്രീകളെ നവോത്ഥാനമെന്ന പേരിട്ടുകൊണ്ട്, ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ നാനൂറിലേറെ പോലീസുകാരുടെ അകമ്പടിയോടെ ശബരിമലയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.”
ഈ വാക്കുകൾ സ്രീവിരുദ്ധമാണെന്നും ജനാധിപത്യബോധം തീരെയില്ലാത്ത വ്യക്തിയാണ് പി മോഹന്‍രാജ് എന്നുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവര്‍ത്തകരായ ലിബിയും സിഎസ് സീനയും. ഒരു പ്രത്യേക മത വിഭാഗത്തിന്റെ വോട്ടു കിട്ടാനായി ബിജെപി പോലും ചെയ്യാത്ത തരം വര്‍ഗ്ഗീയ പ്രചരണം നടത്തുന്ന മോഹന്‍രാജ് ജയിച്ചാലും അത് ചോദ്യം ചെയ്ത്കോടതിയെ സമീപിക്കുമെന്ന് ഇവര്‍ പറഞ്ഞു.
ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളെ അപമാനിച്ച് മോഹന്‍രാജ് നടത്തിയ പ്രസംഗത്തിനെതിരേ ഇരുവരും പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ്. ലിബി മോഹന്‍രാജിനെതിരെ സ്ത്രീ വിദ്വേഷത്തിന് അര്‍ത്തുങ്കല്‍ സ്‌റ്റേഷനില്‍ നേരിട്ടും സീന ഓണ്‍ലൈനിലൂടെയും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം സ്ത്രീവിരുദ്ധരെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്. പോലീസില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ അബദ്ധവശാല്‍ ഇയാള്‍ ജയിച്ചാലും കോടതിയെ സമീപിക്കുമെന്നും ലിബി വ്യക്തമാക്കി.
നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവര്‍ത്തകരായ ലിബിയും സീനയും ശബരിമല പ്രവേശനം നടത്താന്‍ ശ്രമിച്ച സ്ത്രീകളാണ്. ഇത്തരം പ്രസംഗത്തിലൂടെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ വോട്ടുനേടുക എന്നലക്ഷ്യത്തോടെ വര്‍ഗ്ഗീയവാദ പ്രചാരണം നടത്തുന്നു, സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആഹ്വാനം ചെയ്യുന്നു, ശബരിമലയില്‍ പോയ സ്ത്രീകളെ വ്യക്തിഹത്യ ചെയ്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു തുടങ്ങിയവയാണ് പരാതിയിലെ ആരോപണം.
സ്ത്രീകളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യാനും ഭരണഘടനയെ ലംഘിക്കാന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസ്താവന നടത്തുന്ന സ്ഥാനാര്‍ത്ഥിക്ക് എതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഒരു വലിയ ദേശീയ പ്രസ്ഥാനം ഭരണഘടന നിലവില്‍ വന്നിട്ട് 69 വര്‍ഷം കഴിയുമ്പോഴും ജനപ്രതിനിധിയാകാന്‍ മത്സരിപ്പിക്കാന്‍ നിര്‍ത്തുന്നത് ജനാധിപത്യബോധമില്ലാത്ത വിവരദോഷികളെയണെന്നത് ജനാധിപത്യത്തിന് തന്നെ അപമാനകരമാണെന്നും പറയുന്നു.
‘ സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ശബരിമലയില്‍ പോയത്. അത് സര്‍ക്കാരിനും പോലീസിനും അറിവുള്ളതുമാണ്. പോകുന്നതിനുമുമ്പ് പോലീസിലും അറിയിച്ചിരുന്നു. എന്നാല്‍ ശബരിമലയില്‍പോയ സ്ത്രീകളെ മുഴുവന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. മോഹന്‍രാജ് ഇലക്ഷന്‍ പ്രചാരണത്തോടനുബന്ധിച്ച് പ്രസംഗിച്ചതെന്നും പറയുന്നു.
ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലിംഗനീതിയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ജനാധിപത്യ ബോധമില്ലാത്ത ഒരുപറ്റം വിശ്വസിക്കൂട്ടങ്ങള്‍ സമൂഹത്തിലും സോഷ്യല്‍മീഡിയയിലും അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീകളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നതരത്തിലുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പ്രസ്താവനയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കോന്നിയില്‍ നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു.