കരമനയിലെ കൂട്ടമരണം ദുരൂഹത വർദ്ധിക്കുന്നു…!! വിൽപ്പത്രത്തിൽ സ്വത്ത് ശുശ്രൂഷിച്ച കാര്യസ്ഥന്…!! 30 കോടിയുടെ സ്വത്തിൽ വിവാദ കൈമാറ്റം

കരമനയിലെ ദുരൂഹ മരണങ്ങളില്‍ പ്രത്യേക സംഘം നാളെ അന്വേഷണം തുടങ്ങും. ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലുമാണ് വിശദമായ അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ദുരൂഹ മരണങ്ങള്‍ നടന്ന കൂടത്തില്‍ കുടുംബത്തിന്റെ സ്വത്ത് തിട്ടപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കും.

ഇതിനിടെ കരമനയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട നിർണായകമായ വിൽപത്രം പുറത്തായി. മരിക്കുന്നതിന് മുൻപ് ജയമാധവൻ നായർ തയ്യാറാക്കിയതായി കരുതുന്ന വിൽപത്രമാണിത്. സ്വത്തുക്കൾ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ പേരിലേക്ക് വകമാറ്റിയതായാണ് വിൽപത്രത്തിൽ പറയുന്നത്. ഈ വിൽപത്രം സംബന്ധിച്ചാണ് ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചിരിക്കുന്നത്.
2016 ഫെബ്രുവരി 15 നാണ് വിൽപത്രം തയ്യാറാക്കിയിരിക്കുന്നത്. അവിവാഹിതനായ താൻ മാനസികമായി ക്ഷീണിച്ചു വരികയാണെന്നും സ്വത്തുക്കൾ തന്നെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രവീന്ദ്രൻ നായർക്കാണെന്നും ജയമാധവൻ നായർ വിൽപത്രത്തിൽ പറയുന്നു.  കുടുംബവീടായ ഉമാമന്ദിരം സ്ഥിതി ചെയ്യുന്ന 80 സെന്റ് സ്ഥലത്തിൽ 33.5 സെന്റും മണക്കാട് വില്ലേജിൽ 33 സെന്റ് സ്ഥലവും, ഇത് കൂടാതെ 36 സെന്റ് സ്ഥലവുമാണ് രവീന്ദ്രൻ നായർക്ക് എഴുതി നൽകിയിരിക്കുന്നത്.
പോക്കുവരവ് ചെയ്യുന്നതിനും ക്രയവിക്രയം നടത്തുന്നതിനും രവീന്ദ്രൻ നായർക്ക് അനുമതി നൽകുന്നുണ്ട്. മരണശേഷം വിൽപത്രത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയ വസ്തുക്കളോ ബാങ്ക് നിക്ഷേപങ്ങളോ ഉണ്ടെങ്കിൽ അതും രവീന്ദ്രൻ നായർക്കാണെന്നും വിൽപത്രത്തിൽ പറയുന്നു. മരണാനന്തര ചെലവ് വഹിക്കണമെന്ന കാര്യവും ജയമാധവൻ വിൽപത്രത്തിൽ കൂട്ടിച്ചേർത്തിരുന്നു.

അതേസമയം കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥഘനായ തിരുവനന്തപുരം ഡിസിപി ക്രൈം മുഹമ്മദ് ആരിഫാണ് ഇക്കാര്യം ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അന്വേഷണം കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയെടുക്കും. 30 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ തലസ്ഥാനത്തു കൂടത്തായി മാതൃകയില്‍ കൊലപാതകപരമ്പര നടന്നതായാണ് സംശയം. കരമന, കാലടി കുളത്തറയില്‍ കൂടത്തില്‍ (ഉമാമന്ദിരം) തറവാട്ടിലെ ഏഴുപേരുടെ മരണത്തിലാണ് ദുരൂഹത.

കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരങ്ങളായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍, വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരുടെ മരണമാണു െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നത്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രസന്നകുമാരി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിപ്രകാരമാണു പോലീസ് കേസെടുത്തത്. തന്റെ ഏകമകന്‍ പ്രകാശനാണു സ്വത്തുക്കളുടെ അവകാശിയെന്നു പ്രസന്നകുമാരി മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്‍കിയ പരാതിയില്‍ പറയുന്നു.

കുടുംബത്തില്‍ നടന്ന ഏഴുമരണങ്ങളെക്കുറിച്ച് ആരോപണമുയര്‍ന്നെങ്കിലും രണ്ടു മരണങ്ങളിലെ ദുരൂഹതയാണു പ്രധാനം. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ജയമാധവന്റെ മരണശേഷം തറവാട്ടിലെ കാര്യസ്ഥനും മറ്റു ചിലരും ചേര്‍ന്നു വ്യാജരേഖ ചമച്ച്, സ്വത്ത് തട്ടിയെടുത്തെന്നാണ് ആരോപണം. പരാതിയില്‍ അന്വേഷണം നടത്താന്‍ സിറ്റി ക്രൈം ഡി.സി.പി. മുഹമ്മദ് ആരിഫിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

2013ല്‍ ഗോപിനാഥന്‍ നായരുടെ മകന്‍ ജയപ്രകാശ്, 2017ല്‍ ഗോപിനാഥന്‍ നായരുടെ സഹോദരപുത്രന്‍ ജയമാധവന്‍ എന്നിവരുടെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നാണു െ്രെകംബ്രാഞ്ച് നിഗമനം. ഇവര്‍ കട്ടിലില്‍നിന്നു വീണോ കട്ടിലില്‍ തലയിടിച്ചോ മരിച്ചെന്നാണു ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചത്. എന്നാല്‍, സ്വത്ത് തട്ടിയെടുക്കാന്‍ കാര്യസ്ഥന്‍ ഉള്‍പ്പടെ ചിലര്‍ നടത്തിയ കൊലപാതകമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ജയമാധവന്റെ മരണശേഷം കൂടത്തില്‍ വീട് അനാഥമായി. തുടര്‍ന്ന് ഭൂസ്വത്തുക്കള്‍ രണ്ടു വ്യാജവില്‍പ്പത്രങ്ങളിലൂടെ തട്ടിയെടുത്തെന്നാണ് ആരോപണം. രക്തബന്ധമില്ലാത്ത വ്യക്തികളാണ് വില്‍പ്പത്രത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. ഇതില്‍ കാര്യസ്ഥനും ചില ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

നഗരത്തില്‍ കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണു കുടുംബത്തിനുള്ളത്. കുടുംബത്തിലെ തുടര്‍ച്ചയായ മരണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട് കാലടി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ആര്‍. അനില്‍കുമാര്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 11നു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു കുടുംബാംഗമായ പ്രസന്നകുമാരി മുഖ്യമന്ത്രിക്കു വിശദമായ പരാതി നല്‍കിയത്.

Top