പൊന്‍കുന്നം: സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കഞ്ചാവ് കടത്തിയവരെ പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് ആലപ്പുഴയ്ക്ക് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച വിരുതന്മാരെയാണ് സാഹസങ്ങള്‍ക്കൊടുവില്‍ പോലീസ് പിടികൂടിയത്.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മാളികമുക്ക് കൊടിവീട്ടില്‍ ബിലാല്‍(21), കാനന്‍ചിറ പവര്‍ഹൗസ് മൗലാപറമ്പില്‍ ഇര്‍ഷാദ്(20) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന വ്യക്തമായ സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായവരുടെ കോള്‍ലിസ്റ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കമ്പത്തുനിന്ന് അരകിലോയോളം കഞ്ചാവുമായി ബൈക്കില്‍ വരുന്നതിനിടെയാണ് യുവാക്കള്‍ പൊലീസ് പിടിയിലായത്.
പൊലീസിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച സംഘത്തെ പൊന്‍കുന്നം എസ്‌ഐ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 20 കിലോമീറ്ററോളം ജീപ്പില്‍ പിന്‍തുടര്‍ന്നു പിടികൂടുകയായിരുന്നു. പൊന്‍കുന്നം കോടതിപ്പടിയില്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടക്കാന്‍ ശ്രമിച്ച യുവാക്കള്‍ അമിത വേഗത്തില്‍ നഗരത്തിലൂടെ പാഞ്ഞു. തൊട്ടുപുറകെ പൊലീസ് വാഹനവും ഇവരെ പിന്‍തുടര്‍ന്നു.
വയര്‍ലസ് സന്ദേശത്തെ തുടര്‍ന്നു സമീപ സ്റ്റേഷനുകളിലെ പൊലീസ് വാഹനങ്ങളും ബൈക്ക് യാത്രികരെ പിടികൂടുന്നതിനായി റോഡിലിറങ്ങിയതോടെ നാട്ടുകാര്‍ കാര്യമറിയാതെ അമ്പരന്നു. ചിലര്‍ വാഹനങ്ങളില്‍ പൊലീസ് വാഹനത്തിനു പുറകെ എത്തി. ദേശീയപാതയില്‍ പതിനാലാം മൈല്‍ ജംക്ഷനില്‍നിന്നു ചങ്ങനാശേരി റോഡിലേക്ക് തിരിഞ്ഞ ബൈക്ക് യാത്രികരെ പിടികൂടുന്നതിനായി മാന്തുരുത്തിക്കു സമീപം ടോറസ് ലോറികള്‍ റോഡിനു കുറുകെയിട്ട് പൊലീസ് കാത്തുനിന്നു.