കൊച്ചി: മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരിയെ പുറത്താക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണു നടപടി. മാര്‍പാപ്പയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണു നടപടിയെന്ന് മാനന്തവാടി രൂപത അറിയിച്ചു. ഫാദര്‍ റോബിനെ മാനന്തവാടി രൂപതാധ്യക്ഷന്‍ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയായിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിന്‍ വടക്കുംചേരി അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്‌തെന്നായിരുന്നു ആരോപണം. പെണ്‍കുട്ടി പ്രസവിച്ചത് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായിരുന്നു.
കൊട്ടിയൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ റോബിൻ വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി 60 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 3 വകുപ്പുകളിലായി 20 വർഷം വീതമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടയ്ക്കാൻ തയാറായില്ലെങ്കിൽ ഓരോ വർഷം വീതം അധിക തടവ് അനുഭവിക്കണം. പിഴത്തുകയിൽ ഒന്നര ലക്ഷം രൂപ പെൺകുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിവികാരിയും കൊട്ടിയൂർ എംജെഎംഎച്ച്എസ്എസ് ലോക്കൽ മാനേജരുമായിരുന്നു വയനാട് നടവയലിലെ ഫാ.റോബിൻ വടക്കുംചേരി (റോബിൻ മാത്യു). 2016ലാണു കേസിനാസ്പദമായ പീഡനം. ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പോക്സോ പ്രകാരം ഫാ.റോബിൻ വടക്കുംചേരി അറസ്റ്റിലായത്. പള്ളിയിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ കംപ്യൂട്ടറിൽ ഡാറ്റാ എൻട്രി നടത്താൻ മുറിയിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണു കേസ്.