നിര്‍മാല്യം സിനിമയില്‍ വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് എതിര്‍ക്കപ്പെടുമായിരുന്നെന്ന് ശശികല;  തലപോകുമായിരുന്നെന്ന് എംടി പറഞ്ഞത് സത്യമാകുന്നു

എംടി വാസുദേവന്‍നായരുടെ സിനിമയായ നിര്‍മാല്യത്തില്‍ ക്ലൈമാക്‌സില്‍ വെളിച്ചപ്പാട് ദേവിയുട വിഗ്രഹത്തില്‍ തുപ്പുന്ന രംഗം വളരെ സിനിമാ ഗതിയിലെ വളരെ സ്വാഭാവികമായ രംഗമാണ്. എന്നാല്‍ ഇന്നായിരുന്നെങ്കില്‍ ആ രംഗത്തെ എതിര്‍ക്കുമായിരുന്നു എന്ന് ഹിന്ദുഐക്യവേദി പ്രസിഡന്റ് കെപി ശശികല. സിനിമ ഇറങ്ങിയ കാലത്ത് ഗിന്ദു സംഘടനകള്‍ ശക്തല്ലായിരുന്നതിനാലാണ് ആ രംഗം എതിര്‍ക്കപ്പെടാതെ പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏതൊരാള്‍ക്കും ഉളളത് പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ട്. ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ട്. അതുകൊണ്ടുതന്നെ എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. മാവേലിക്കരയില്‍ ഹിന്ദുഅവകാശ സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു ശശികലയുടെ പരാമര്‍ശങ്ങള്‍. ഇന്നാണ് നിര്‍മാല്യം പോലൊരു സിനിമയുടെ ക്ലൈമാക്‌സ് എങ്കില്‍ തല പോകുമെന്ന് നേരത്തെ എംടി വാസുദേവന്‍നായര്‍ അഭിപ്രായപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിര്‍മാല്യത്തിന്റെ അവസാന രംഗത്ത് ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിച്ച് വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞുതുപ്പുകയാണ്. വെളിച്ചപ്പാടിന്റെ ഈ ഉറഞ്ഞുതുള്ളലിനെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു എംടിയുടെ മറുപടി. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയെ സിനിമയാക്കിയപ്പോള്‍ സ്‌ക്രിപ്റ്റില്‍ എക്‌സ്റ്റെന്‍ഡ് ചെയ്താണ് കാണിച്ചത്.

ആ രംഗം വളരെ തൃപ്തിയായി തോന്നിയതാണ്. ഇന്ന് അങ്ങനെയൊന്നും കാണിക്കാന്‍ പറ്റില്ല. തല പോവും. നിര്‍മാല്യം എടുത്തുകഴിഞ്ഞപ്പോല്‍ തന്നെ ഉള്ളിന്റെയുള്ളില്‍ അത് വലിയ അംഗീകാരം നേടുമെന്ന് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. 1973ലാണ് എംടി സ്വന്തം ചെറുകഥയായ പള്ളിവാളും കാല്‍ച്ചിലമ്പും ആസ്പദമാക്കി നിര്‍മാല്യം എന്ന സിനിമ അണിയിച്ചൊരുക്കുന്നത്. സിനിമയുടെ കഥ,തിരക്കഥ,സംവിധാനം എന്നിവയെല്ലാം എംടിയാണ് നിര്‍വഹിച്ചതും. നിര്‍മാല്യം മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ ചിത്രത്തില്‍ വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ ആന്റണിക്ക് മികച്ച നടനുളള അവാര്‍ഡും ലഭിച്ചു.

Top