ന്യുഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നും നടന്നേക്കില്ല എന്നാണ് സൂചന. ഇരിക്കൂറില്‍ കെസി ജോസഫിനെ മാറ്റാന്‍ തീരുമാനമായെങ്കിലും ബാബുവിനെയും അടൂര്‍ പ്രകശിനെയും മാറ്റാന്‍ പറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും നേരിട്ട് ചര്‍ച്ചകള്‍ നടത്തിയട്ടും ഇരു കൂട്ടരും വിട്ടുവീഴ്ച്ചക്ക് തയ്യാറാവാത്തതിനാലാണ് ചര്‍ച്ചകള്‍ നീളുന്നത്.
അടൂര്‍ പ്രകാശിനേയും കെസി ജോസഫിനേയും ഒഴിവാക്കുന്ന സമവായത്തിനാണ് സാധ്യത. തൃപ്പുണ്ണിത്തുറയില്‍ കെ ബാബു മത്സരിക്കുമെന്നാണ് സൂചന. തൃക്കാക്കരയില്‍ ബെന്നി ബെഹന്നാനും പ്രശ്‌നം വരില്ല. പാറശ്ശേലയില്‍ എടി ജോര്‍ജ് സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ നിലപാടാണ് എടി ജോര്‍ജിന് തുണയായത്. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നല്‍കിയത്. എന്നാല്‍ നാടാര്‍ സമുദായം എതിരാകാതിരിക്കാനാണ് ജോര്‍ജിന് സീറ്റ് നല്‍കിയത്. പക്ഷേ അടൂര്‍ പ്രകാശിന്റെ കാര്യം അങ്ങനെയല്ല. എസ് എന്‍ ഡി പിയും ബിജെപിയും സഖ്യമാണ്. അതുകൊണ്ട് തന്നെ അടൂര്‍ പ്രകാശിനെ ഒഴിവാക്കിയെന്നതു കൊണ്ട് സമുദായത്തിന്റെ എതിര്‍പ്പ് ഉയരില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സുധീരന്‍ കോന്നിയില്‍ നിലപാട് കടുപ്പിക്കുന്നത്.
കോന്നിയിലെ വിജയത്തിനുവേണ്ടി സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസിനെ ബലികൊടുക്കാനാവില്ലെന്നാണ് കെപിസിസി. പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കോണ്‍ഗ്രസിനെ ഇത്രത്തോളം നാണംകെടുത്തിയ അഴിമതിയാരോപണങ്ങള്‍ ഇതിനുമുമ്പുണ്ടായിട്ടില്ല. ഈ ആരോപണങ്ങള്‍ കാരണം കുറഞ്ഞത് 25 സീറ്റിലെങ്കിലും യു.ഡി.എഫിനു തിരിച്ചടിയുണ്ടാകും. അത് തടയിടാനാണ് ആ അഴിമതി ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ രംഗത്തെത്തിയത്. ഇതിലൂടെ പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് ഒഴിവാക്കാനായി എന്നു മാത്രമല്ല, മന്ത്രിമാര്‍ അഴിമതി കാട്ടിയാല്‍ പാര്‍ട്ടി നേതൃത്വം ചെവിക്കു പിടിക്കുമെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കാനായി എന്നും സുധീരന്‍ അനുകൂലികള്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള കെ.സി. ജോസഫ്, കെ. ബാബു, അടൂര്‍ പ്രകാശ് എന്നീ മന്ത്രിമാര്‍ക്കും ബെന്നി ബെഹനാന്‍ എംഎ!ല്‍എയ്ക്കും ഇത്തവണ സീറ്റ് നല്‍കാനാകില്ലെന്ന നിലപാടില്‍ സുധീരന്‍ ഇന്നലെയും ഉറച്ചുനിന്നു. കഴിഞ്ഞദിവസം മധ്യസ്ഥന്റെ വേഷത്തിലെത്തിയ രമേശ് ചെന്നിത്തല ഇന്നലെയും ആ തന്ത്രം തുടര്‍ന്നതോടെ ഉമ്മന്‍ ചാണ്ടി പൊട്ടിത്തെറിച്ചു. കെ. മുരളീധരന്‍ കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗ്രൂപ്പ് യോഗത്തിനുശേഷമാണ് ഉമ്മന്‍ ചാണ്ടിയെ രമേശ് കേരളാ ഹൗസില്‍ സന്ദര്‍ശിച്ചത്. നാലില്‍ രണ്ടുപേരെയെങ്കിലും മാറ്റിനിര്‍ത്തി പ്രശ്‌നം പരിഹരിക്കുകയെന്ന ഫോര്‍മുല മുന്നോട്ടുവച്ച രമേശിനോട് ഉമ്മന്‍ ചാണ്ടി ക്ഷുഭിതനായി. ഇതോടെ കാര്യങ്ങള്‍ വ്യക്തമാക്കി. കെസി ജോസഫും അടൂര്‍ പ്രകാശും മാത്രമാകും ഇത്തവണ വെട്ടിനിരത്തലിന് ഇരയാവുക. വിശ്വസ്തരെ വെട്ടിനിരത്തി തന്നെ ഒറ്റപ്പെടുത്താനും അപമാനിക്കാനുമാണു സുധീരന്റെ നീക്കമെന്ന് ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു. എന്നാല്‍, സംശുദ്ധരാഷ്ട്രീയത്തിനായുള്ള ശ്രമമാണു തന്റേതെന്നാണു സുധീരന്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിക്കുന്നത്.
സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ ഇന്ന് ഉച്ചയോടെ സോണിയയുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പുസമിതി ചേരാന്‍ നിശ്ചയിച്ചിരുന്നെങ്കിലും തര്‍ക്ക സീറ്റുകളില്‍ തീരുമാനമാകാത്തതിനാല്‍ മാറ്റിവച്ചേക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് ധാരണയും എങ്ങുമെത്തിയില്ല. ഇന്നലെ രാത്രിയോടെ നിര്‍ത്തിവച്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്നു രാവിലെ പുനരാരംഭിച്ചേക്കും.നാലാംദിവസവും നേതാക്കള്‍ നിലപാടില്‍ അയവുവരുത്തിയില്ലെങ്കില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാകും. ഏതുവിധേനയും പ്രശ്‌നപരിഹാരത്തിനു ഫോര്‍മുലയുണ്ടാക്കണമെന്ന ആവശ്യവുമായി എ.ഐ.സി.സി. ഭാരവാഹികളെയും എ.കെ. ആന്റണിയേയും സോണിയ ബന്ധപ്പെട്ടു. രാത്രി വൈകിയും തിരക്കിട്ട ശ്രമങ്ങള്‍ തുടരുകയാണ്. തര്‍ക്കം നിലനില്‍ക്കുന്ന 30 മണ്ഡലങ്ങളില്‍ പാനല്‍ തയാറാക്കി ഹൈക്കമാന്‍ഡിനു നല്‍കാനാണ് നീക്കം.
ഇരിക്കൂറില്‍ കെ സി ജോസഫിന് പുറമെ സതീശന്‍ പാച്ചേനി, സജീവ് ജോസഫ് എന്നീ പേരുകളും ഉള്‍പ്പെടുന്നു. ഇതിനിടെ എ ഗ്രൂപ്പുകാരനായ ടോണി സെബാസ്റ്റ്യന്റെ പേര് ഉമ്മന്‍ചാണ്ടി സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തി. ജോസഫിനെ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ തന്റെ മറ്റൊരു വിശ്വസ്തന്‍ തന്നെ ഇരിക്കൂറില്‍ വരണമെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. തൃക്കാക്കരയില്‍ ബെന്നി ബെഹ്നാന്‍, പി ടി തോമസ്, തൃപ്പൂണിത്തുറയില്‍ കെ ബാബു, എന്‍ വേണുഗോപാല്‍, കൊച്ചിയില്‍ ഡൊമിനിക്ക് പ്രസന്റേഷന്‍, ലാലി വിന്‍സന്റ്, കോന്നിയില്‍ അടൂര്‍ പ്രകാശ്, പി മോഹന്‍രാജ് എന്നിവരുള്‍പ്പെടുന്ന പട്ടികയാകും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കുക.