ഗ്രൂപ്പ് നേതാക്കളുമായി താരീഖ് അൻവർ ചർച്ച പൂർത്തിയാക്കി; കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും.കെ. സുധാകരന് മുന്നില്‍ കൊടിക്കുന്നില്‍ മുട്ടുമടക്കും?

K.Sudhakaran

ന്യൂഡൽഹി: കെ പി സി സി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഗ്രൂപ്പ് നേതാക്കളുമായുള്ള സമവായ ചർച്ചകൾ ഹൈക്കമാൻഡ് പൂർത്തിയാക്കി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ടെലഫോണിലൂടെയാണ് ചർച്ച നടത്തിയത്. കെ സുധാകരനെ അധ്യക്ഷനാക്കുന്നതിൽ ഗ്രൂപ്പുകൾ ഇടഞ്ഞതോടെയാണ് സമവായ നീക്കങ്ങളുടെ ഭാഗമായി താരിഖ് അൻവറിനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത്.കെ. സുധാകര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്താതിരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്ത നീക്കം നടത്തുന്നതായിട്ടാണ് സൂചനകള്‍. കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഗ്രൂപ്പുകളുടെ എതിര്‍പ്പ് മറികടക്കാന്‍ സുധാകരനെ അനുകൂലിക്കുന്ന നേതാക്കളുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് അഭ്യൂഹം.

ടെലഫോണിലൂടെ ആയിരുന്നു ആശയവിനിമയം നടത്തിയത്. പ്രാഥമിക ചർച്ചകൾക്ക് ശേഷം നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ താരിഖ് അൻവർ കേരളത്തിലേക്ക് വരില്ല. ഗ്രൂപ്പ് നേതാക്കളെ പിണക്കി ഒരു തീരുമാനത്തിലേക്ക് പോയാൽ തിരിച്ചടിയുണ്ടാകുമെന്ന ഹൈക്കമാൻഡ് വിലയിരുത്തലിനെ തുടർന്നായിരുന്നു ചർച്ച നടന്നത്. അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷം പരസ്യമായി എതിർസ്വരങ്ങൾ ഉയരാതിരിക്കാനാണ് ഹൈക്കമാൻഡ് ശ്രമം. ചർച്ചയിൽ ഗ്രൂപ്പ് നേതാക്കൾ പേരുകൾ ഒന്നും നിർദ്ദേശിച്ചില്ലെന്നാണ് വിവരം. എന്നാൽ കെ മുരളിധരൻ, പി ടി തോമസ് എന്നിവരെ ചില നേതാക്കൾ പിന്തുണച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പിന്തുണ ആര്‍ക്കാണെന്ന് വ്യക്തമായിട്ടില്ല. മൂവരുടെയും അഭിപ്രായം മുഖവിലയ്‌ക്കെടുക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. പാര്‍ട്ടിയുടെ സുപ്രധാന നേതാക്കള്‍ എന്ന നിലയ്ക്ക് മൂവരുടെയും തീരുമാനങ്ങള്‍ നിര്‍ണായകമാവും.

അധ്യക്ഷനെ തീരുമാനിക്കുന്നത് നീണ്ട് പോയാല്‍ കോണ്‍ഗ്രസ് നാഥനില്ലാ കളരിയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ ഇടത് അനുകൂല സാഹചര്യത്തില്‍ പിഴവുകളില്ലാത്ത പാര്‍ട്ടി നീക്കങ്ങള്‍ക്ക് കരുത്ത് പകരാന്‍ കഴിവുള്ള ലീഡറെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ദേശീയ നേതൃത്വത്തിന് താല്‍പ്പര്യം. കെ.സി വേണുഗോപാല്‍ പ്രതിപക്ഷ നേതാവിനെ നിയമിക്കാന്‍ ഇടപെട്ടതിന് സമാനമായി ഇത്തവണ നീക്കങ്ങളൊന്നും നടത്തില്ലെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഇക്കാര്യത്തില്‍ അഭിപ്രായം രൂപീകരണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഗ്രൂപ്പ് പിന്തുണയില്ലാത്തത് കൊടിക്കുന്നിലിന് തിരിച്ചടിയാകും. മറുവശത്ത് കെ. സുധാകരന്റെ കാര്യത്തില്‍ അണികളില്‍ നിന്നുണ്ടാകുന്ന അമര്‍ഷം അവഗണിക്കാനും സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടി തയ്യാറാവുകയുള്ളു. നേരത്തെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കൃത്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് ചില സംസ്ഥാന നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. തോല്‍വിയുടെ ആഘാതം മാറും മുന്‍പ് സംഘടനയില്‍ മറ്റൊരു വെല്ലുവിളിയുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് രാഹുല്‍ ഗാന്ധി നേരിട്ട് നിര്‍ദേശിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സംഘടനാതലത്തിൽ സമഗ്ര അഴിച്ചു പണിക്കാണ് ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുള്ളത്. ഗ്രൂപ്പുകൾക്ക് അതീതമായി അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു ഹൈക്കമാൻഡ് തീരുമാനം. ഇതിന്റെ ഭാഗമായാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. എന്നാൽ, പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് തന്നെ അപമാനിതനാക്കി എന്നാരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. ഹൈക്കമാൻഡ് നേരത്തെ അറിയിച്ചില്ല എന്നായിരുന്നു ചെന്നിത്തലയുടെ പരാതി.

ഈ പശ്ചാത്തലത്തിലാണ് ഗ്രൂപ്പു നേതാക്കളുമായി സമവായത്തിലെത്തിയ ശേഷം അധ്യക്ഷനെ പ്രഖ്യാപിച്ചാൽ മതിയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചത്. അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷം ജില്ല പ്രസിഡന്റുമാർ അടക്കം താഴെ തട്ടിലും സമഗ്രമായ അഴിച്ചു പണി നടത്തും.

Top