പാലക്കാട്: സ്ഥാനാര്‍ഥി മോഹികളായ ചിലര്‍ പിന്നില്‍നിന്ന് കുത്തിയെന്ന് കെപിസിസി ഉപസമിതി. പാലക്കാട് നിന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് കാരണമായതും ചില പ്രമുഖ നേതാക്കളുടെ കാലുവാരലാണെന്ന് കെപിസിസി ഉപസമിതി വിലയിരുത്തി.
കെപിസിസി ഉപസമിതി അംഗങ്ങളായ പ്രൊഫസര്‍ ബാലചന്ദ്രന്‍, അഡ്വക്കേറ്റ് സജീവ് ജോസഫ്, അബ്ദുള്‍ മുത്തലിഫ് എന്നിവരാണ് പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളില്‍ ഉണ്ടായ കനത്ത തോല്‍വി പരിശോധിക്കാനായി ജില്ലയിലെ സിറ്റിംഗ് നടത്തിയത്. തോറ്റ മണ്ഡലങ്ങളിലും, ജയിച്ചയിടങ്ങളിലും ഒരു പോലെ പരാതി പ്രളയമായിരുന്നു സിറ്റിംഗിലുടനീളം കണ്ടത്. പട്ടാമ്പി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായ സിപി മുഹമ്മദിന്റെ തോല്‍വിക്ക് കാരണം ഡിസിസി ജനറല്‍ സെക്രട്ടറി ടിപി ഷാജിയുടെ പ്രവര്‍ത്തന ഫലമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
ഷാജി നിര്‍ജ്ജീവമായിരുന്നുവെന്ന് സി പി മുഹമ്മദ് അനുയായികളും അദ്ദേഹവും സിറ്റിംഗില്‍ പരാതി പറഞ്ഞത്. എന്നാല്‍ താന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സിപി മുഹമ്മദിനെ മടുത്ത ജനം തിരിച്ച് കുത്തിയതാണെന്നും ഷാജി സിറ്റിംഗില്‍ തിരിച്ചടിച്ചതായാണ് വിവരം.
മുഹ്സിന്റെ സ്ഥാനാര്‍ത്ഥിത്വവും കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണവും തിരിച്ചടിയായെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. നെന്മാറയില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കാലുവാരിയതാണെന്നാണ് പ്രധാനമായി വിമര്‍ശനമുയര്‍ന്നത്. ഇവിടെ സ്ഥാനാര്‍ത്ഥിയായ എ വി ഗോപിനാഥിനെതിരെ പോസ്റ്ററടിച്ച് പോലും പ്രവര്‍ത്തനം നടത്തി. സ്ഥാനാര്‍ത്ഥി കുപ്പായമിട്ട മുതിര്‍ന്ന നേതാവാണ് ഈ പ്രവര്‍ത്തനത്തിന്റെയെല്ലാം പിന്നിലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി. ഒറ്റപ്പാലത്തും,ഷൊര്‍ണൂരും പാര്‍ട്ടി സംവിധാനം ദുര്‍ബലമായത് തോല്‍വിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടി നല്ല ഭൂരിപക്ഷത്തില്‍ ജയിച്ച പാലക്കാട് മണ്ഡലത്തിലും വിമത പ്രവര്‍ത്തനം നടന്നതായി സിറ്റിംഗില്‍ പ്രബല വിഭാഗം കുറ്റപ്പെടുത്തി. മുന്‍ നഗരസഭാ ചെയര്‍മാനായ നേതാവിന്റെ നേതൃത്വത്തില്‍ ഷാഫി പറമ്പിലിനെതിരായ പ്രചരണം ഉണ്ടായി. ഇതെല്ലാം അതിജീവിച്ചാണ് പാലക്കാട് ഷാഫി വിജയിച്ചതെന്ന് ചില നേതാക്കള്‍ പറഞ്ഞു. ഡിസിസി, കെപിസിസി നേതൃത്വങ്ങള്‍ തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ലെന്നും ആരോപണം ഉയര. സിറ്റിംഗില്‍ ലഭിച്ച പരാതികളെല്ലാം വിലയിരുത്തി ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.