കാര്യങ്ങൾ തീരുമാനിക്കുന്നത് മൂവൻ സംഘം: കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറിയും കലാപക്കൊടിയുമായി കെ.മുരളീധരൻ; മുരളീധരൻ ലക്ഷ്യമിടുന്നത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമെന്നു സൂചന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കൊതിച്ചിരിക്കുന്ന കെ.മുരളീധരനാണ് ഇപ്പോൾ പാർട്ടിയിലെ മൂന്നു നേതാക്കൾക്ക് എതിരെ പൊട്ടിത്തെറിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റിനുമെതിരെയാണ് ഇപ്പോൾ കെ.മുരളീധരൻ പൊട്ടിത്തെറിച്ചിരിക്കുന്നത്.

തന്നോടൊന്നും ആലോചിക്കാതെയാണ് കോൺഗ്രസിൽ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും, പത്തംഗ സമിതി വെറുതെയാണെന്നും അദ്ദേഹം പറയുന്നു. ഇതോടെ കേരള രാഷ്ട്രീയത്തിൽ ഇക്കുറിയും ഗ്രൂപ്പിസമാണ് ശക്തമായി നടക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. താൻ മത്സരിക്കില്ല എന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം. അതേസമയം സംഘടനാ രംഗത്തെ പ്രശ്നങ്ങൾ തീർക്കാൻ മുരളീധരൻ രംഗത്തിറങ്ങിയതും ശ്രദ്ധേയമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം പരാജയമാണെന്ന് മുരളീധരൻ പറയുന്നു. വേണ്ടത്ര കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പത്തംഗം സമിതിയുണ്ടെങ്കിലും മൂന്നംഗ സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഒരുകാര്യവും ആരോടും ഇവർ പങ്കുവെക്കുന്നില്ല. അനുകൂലമായ സാഹചര്യം കളഞ്ഞ് കുളിക്കരുതെന്നാണ് പാർട്ടി നേതൃത്വത്തോട് തനിക്ക് പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്ര നേതൃത്വമാണ് പത്തംഗ സമിതിയെ നിയമിച്ചത്. ഉമ്മൻ ചാണ്ടിക്ക് ചുമതലയും നൽകി. കെ മുരളീധരനും സുധാകരനുമൊക്കെ ഈ സമിതിയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ സമിതി പരാജയമായോ എന്ന ചോദ്യമാണ് ഉയരുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന നിലയിലാണ് കമ്മിറ്റി പ്രവർത്തിക്കുന്നതെന്ന സൂചനയാണ് മുരളീധരൻ നൽകിയത്. പല ജില്ലകളിലും പ്രശ്നം തുടങ്ങിയെങ്കിലും പരിഹരിക്കാനാവാത്തത് തിരഞ്ഞെടുപ്പ് സമിതിയുടെ പരാജയം കൊണ്ടാണ്.

വട്ടിയൂർക്കാവിൽ മത്സരിക്കുന്നത് സംബന്ധിച്ചോ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടോ താനുമായി പാർട്ടി നേതൃത്വം യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ഞാനങ്ങോട്ട് അഭിപ്രായം പറയാനും പോയില്ല. ബന്ധപ്പെടുമ്പോൾ മാത്രം അക്കാര്യം നോക്കാം. വട്ടിയൂർക്കാവിലെ ആരെ സ്ഥാനാർത്ഥിയായി നിർത്തിയാലും അവിടെ പ്രചാരണത്തിന് പോകും. സ്ഥാനാർത്ഥി നിർണയം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ നടത്തണമെന്നും മുരളീധരൻ പറഞ്ഞു.

ഇത്തവണ വട്ടിയൂർക്കാവിൽ മത്സരിക്കില്ല. അത്തരമൊരു സാഹചര്യമേയില്ല. ഏഴാം തീയതി ഞാൻ ദില്ലിക്ക് പോകും. തിരിച്ചുവരവ് സ്ഥാനാർത്ഥികൾ നോമിനേഷൻ കൊടുത്ത ശേഷമേ ഉണ്ടാവൂ. ആർഎംപിയുമായി ചർച്ചകൾ നടക്കേണ്ടതുണ്ട്. വടകരയിൽ അവർ ഒപ്പം വേണം. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ താനുമായി സംസാരിച്ചിരുന്നു. ആർഎംപിയുമായി സഖ്യമുള്ളത് കൊണ്ടാണല്ലോ മൂന്ന് പഞ്ചായത്തുകളിൽ ഭരിക്കുന്നത്. കുറ്റ്യാടി, നാദാപുരം, എന്നിവിടങ്ങളിൽ ആർഎംപിയുടെ സ്വാധീനം ഉറപ്പായും ഉണ്ടാവും. എല്ലായിടത്തും കോൺഗ്രസിന് മത്സരിക്കാൻ സാധിക്കില്ലെന്നും മു രളീധരൻ പറഞ്ഞു.

സംഘടനാ പ്രശ്നങ്ങളിൽ മുരളീധരൻ സജീവമായി ഇടപെടുന്നുണ്ട്. നേതൃത്വത്തോട് കലിപ്പിലാണെങ്കിലും മുരളി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ എത്തി. ഒപ്പം കെ സുധാകരനുമുണ്ട്. എന്നാൽ മുരളീധരൻ ഇടപെടാത്ത പാലക്കാട്ടെ പ്രശ്നം തീർക്കാനും സാധിച്ചിട്ടില്ല. വയനാട്ടിൽ പ്രശ്നങ്ങൾ കെട്ടടങ്ങിയെന്നാണ് സൂചന. പുറത്താക്കിയവരെ അടക്കം തിരിച്ചെടുത്തേക്കും. എന്നാൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തർക്കം തീർന്നിട്ടില്ലെന്നാണ് സൂചന.

മുരളീധരൻ കേരളത്തിൽ വലിയ പദവി പ്രതീക്ഷിക്കുന്നുണ്ട്. അത് കെപിസിസി അധ്യക്ഷ സ്ഥാനമാണെന്ന് സൂചനയുണ്ട്. സുധാകരനെ വെട്ടി ആ പദവിയിലേക്ക് വരാനുള്ള നീക്കമാണ് നടത്തുന്നത്. അതിനായി ഹൈക്കമാൻഡിനെ കൈയ്യിലെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ജില്ലയുടെ ചുമതല തന്നെ അദ്ദേഹത്തിന് ലഭിച്ചത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ്. വയനാട്ടിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ചാൽ രാഹുലിൽ നിന്ന് അഭിനന്ദനവും പ്രതീക്ഷിക്കാം. അത് അധ്യക്ഷ സ്ഥാനത്തേക്കുള്ള പിന്തുണ ശക്തമാക്കും.

Top