വാഗ: പാകിസ്താനിലെ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഇന്ത്യക്കാരന്‍ കൃപാല്‍സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൃപാല്‍സിങ്ങിനെ ജയിലില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. കൃപാല്‍സിങ്ങിന്റെ മൃതദേഹത്തില്‍ നിന്നു ഹൃദയവും ആമാശയവും നീക്കം ചെയ്തിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയും ചെയ്തു.
മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളാണ് കൊലപാതകമാണ് നടന്നതെന്ന് സംശയിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. വാഗ അതിര്‍ത്തിയില്‍ വെച്ച് ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറുമ്പോള്‍ കൃപാല്‍ സിങ്ങിന്റെ കണ്ണുകളില്‍ നിന്ന് രക്തം ഒഴുകിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ അടികൊണ്ട പാടുകളും ഉണ്ടായിരുന്നു. ഇതാണ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന സംശയത്തിലേക്ക് നയിച്ചത്.
ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് 1992 ല്‍ ആണ് കൃപാല്‍ സിങ്ങ് അറസ്റ്റിലായത്. അതിര്‍ത്തി ലംഘിച്ചതിനായിരുന്നു അറസ്റ്റ്. ലഹോറിലെ കോട്ലഖ്പത്ത് ജയിലില്‍ ഈ മാസം 11 നാണ് കൃപാല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമൃത്സര്‍ മെഡിക്കല്‍ കോളജിലെ ഡോ. ബി.എസ്.ബാലിന്റെ നേതൃത്വത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കരളും വൃക്കകളും കൂടുതല്‍ പരിശോധയനയ്ക്ക് അയച്ചതായി അവര്‍ പറഞ്ഞു.