കോട്ടയം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴക്കെടുതി തുടരുന്നു. കോട്ടയം ഉരുള്‍പൊട്ടലില്‍ കാണാതായ പത്ത് പേരില്‍ ആറ് പേരുടെ മൃതദേഹം ദുരന്തനിവാരണ സേന കണ്ടെത്തി. മരണനിരക്ക് വരും മണിക്കൂറില്‍ ഉയരാനാണ് സാധ്യത. വരും മണിക്കൂറില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
അതിനിടെ ഇടുക്കി പുല്ലുപാറയിൽ ഒഴുക്കിൽപെട്ട മൂന്നംഗ കുടുംബവും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴക്ക്. മലവെള്ളപ്പാച്ചില്‍ കണ്ട് കാറിൽ നിന്നിറങ്ങുന്നതിനിടെയാണ് വടക്കെ ഇന്ത്യയിലെ കുടുംബം അപകടത്തിൽപെട്ടത്. കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് മരണമുഖത്ത് നിന്ന് ഈ കുടുംബത്തെ രക്ഷിച്ചത്. ശനിയാഴ്ചയാണ് സംഭവം. ഇടുക്കിയിലെ മലയോര പ്രദേശങ്ങള്‍ കാണാനെത്തിയവരായിരുന്നു ഇവർ. ഗുജറാത്ത് സ്വദേശികളാണ് അപകടത്തിൽപെട്ടെതെന്നാണ് വിവരം. കാറിൽ യാത്ര ചെയ്യവയൊണ് ഇവർ സഞ്ചരിച്ചിരുന്ന ഇടത്ത് ഉരുൾപൊട്ടിയത്. മണ്ണ് ഒലിച്ച് വരുന്നത് കണ്ടതിനെ തുടർന്ന് സംഘം കാറിൽ നിന്ന് ഇറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കായതിനാൽ അത് വഴി വന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് സംഘത്തെ ഒഴുക്കിൽ നിന്ന് ഇവരെ രക്ഷിച്ചത്.
റോഡ് ബ്ലോക്ക് ആയത് കാരണം എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടി ബസ് അരമണിക്കൂറോളം ഇവിടെ നിര്‍ത്തിയിട്ടിരിരുന്നു. നിര്‍ത്തിയിട്ട ബസിലിരുന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു കണ്ടക്ടറായിരുന്ന ജയ്സണ്‍. ഇതിനിടെയാണ് മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന ആ കാറിലെ കുട്ടി കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോറിൽ പിടിച്ചുതൂങ്ങുന്നത് ജയ്സണ്‍ കാണുന്നത്. ഉടന്‍ തന്നെ കുത്തിയൊലിച്ച് വരുന്ന വെള്ളത്തിലേക്കിറങ്ങി ജയ്സണ്‍ ഇവരെ രക്ഷിക്കുകയായിരുന്നു. വെള്ളത്തിലൂടെ ഒഴുകി എത്തിയവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് മുന്നിലുണ്ടായിരുന്ന കാറില്‍ നിന്നും മറ്റുമായി രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. എരുമേലി കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരനാണ് ജെയ്‌സൺ. അതേസമയം സംസ്ഥാനത്ത് ന്യൂനമർദം ദുർബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. നേരത്തെ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്.