കോട്ടയം: ശബരിമല വിഷയം കേരളത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയെയും ശബരിമല പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ശബരിമല യുവതി പ്രവേശന വിധിക്ക് പിന്നാലെ തിരക്കിലും കുറവ് വന്നിട്ടുണ്ട്, നടവരവിലും വലിയ കുറവാണ് ഉണ്ടായത്. കെഎസ്ആര്‍ടിസി മാത്രമാണ് ഇപ്പോള്‍ പമ്പയിലേക്ക് പോകാനുള്ള മാര്‍ഗം. എന്നിട്ടും ആനവണ്ടികളില്‍ ആളില്ല എന്നതാണ് സത്യം. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് ഈ മണ്ഡലകാലം തിരിച്ചടിയാണ്.
കോട്ടയത്തെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മതിയായ ആളില്ലാതെ വണ്ടികള്‍ മല കയറുന്ന സ്ഥിതിയാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ പേടിച്ചാകണം തിരക്ക് നന്നേ കുറവാണ്. വളരെ കുറച്ച് തീര്‍ത്ഥാടകര്‍ മാത്രമാണെത്തുന്നത്. അന്യ സംസ്ഥാനത്ത് നിന്നുള്ള ഭക്തരുടെ എണ്ണത്തിലും കുറവുണ്ട്. പണ്ട് തിങ്ങി ഞെരുങ്ങി അയ്യപ്പന്മാര്‍ യാത്ര ചെയ്തിരുന്ന ആനവണ്ടികളില്‍ ഇന്ന് നിന്ന് യാത്ര ചെയ്യുന്നവര്‍ പോലുമില്ല, എല്ലാവര്‍ക്കും ഇരുന്ന് തന്നെ പോകാം. ശരണം വിളികളുമില്ല.
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തീര്‍ത്ഥാടനം ബുദ്ധിമുട്ടിലായിരിക്കുകയാണ്. അന്യ സംസ്ഥാനത്ത് നിന്നുള്ള വിശ്വാസികള്‍ വാര്‍ത്തകളിലൂടെ സംഘര്‍ഷ സാഹചര്യത്തെ കുറിച്ച് അറിഞ്ഞ് ഭായത്തില്‍ വരാതെ ഇരിക്കുന്ന അവസ്ഥയാണ്.