കൊച്ചി:ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന മുൻ മന്ത്രി കെടി ജലീലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അപേക്ഷകൾ പരിഗണിക്കാതെ ബന്ധുവിനെ നിയമിച്ചത് ചട്ട വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി ഉത്തരവിനുമെതിരായാണ് കെ.ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ടീയപരമായ കാരണങ്ങളടക്കം ജലീലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും സുപ്രിംകോടതി ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു.
ന്യൂനപക്ഷ കാര്യ വികസന കോർപ്പറേഷനിലേക്കുള്ള ബന്ധു കെടി അബീദിന്റെ നിയമനത്തിൽ പ്രധാനമായും മുസ്ലിം ലീഗിലെ ആളുകൾക്കാണ് എതിർപ്പുണ്ടായത്. നേരത്ത ന്യൂനപക്ഷ കാര്യ വികസന കോർപ്പറേഷനിൽ വായ്പകൾ നൽകിയതുമായി ബന്ധപ്പെട്ട് ചില അഴിമതികളുണ്ട്. ഈ അഴിമതികൾ പുറത്തുവരുമെന്ന മുസ്ലിം ലീഗ് ആശങ്കയാണ് ഈ എതിർപ്പിന് കാരണമെന്നും കെടി ജലീൽ കോടതിയിൽ വാദിച്ചു.
എന്നാൽ ഈ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. ഒന്നാമത്തെ പ്രശ്നം മന്ത്രിയുടെ ബന്ധുവിനെയാണ് നിയമിച്ചത്. മാത്രമല്ല നിയമനത്തിൽ സാധാരണ നിലയിലുള്ള ഒരു നടപടി ക്രമവും നടന്നിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കട്ടി. ബന്ധുനിയമ വിവാദത്തിൽ കെടി ജലീൽ കുറ്റക്കാരനാണെന്ന ലോകായുക്ത ഉത്തരവിനെതിരെ നേരത്തെ ജലീൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഹര്‍ജി പരിഗണിക്കാതിരുന്നതോടെ സുപ്രിംകോടതിയില്‍ നിന്ന് ജലീലിനുണ്ടായത് വലിയ തിരിച്ചടിയാണ്. ലോകായുക്തയുടെ കണ്ടെത്തലുകളും അത് ശരിവച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു കെ.ടി ജലീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വിവാദവുമായി ബന്ധപ്പെട്ട് ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതുള്‍പ്പെടെ ലോകായുക്ത ചില കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു.
തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീല്‍ ഉന്നയിച്ച വാദം. കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹര്‍ജിയില്‍ ജലീല്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗം ഇല്ലെന്നുമായിരുന്നു കെ.ടി ജലീലിന്റെ വാദം.