ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങള്‍ പാകിസ്താന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുല്‍ഭൂഷണിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചെന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടായി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭാഷണങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍, പറഞ്ഞുപഠിപ്പിച്ചതുപോലെ ഭീകരവാദിയാണെന്നു കുടുംബത്തോട് ഏറ്റുപറയുന്ന കുല്‍ഭൂഷണിന്റെ സംഭാഷണം പുറത്തുവിട്ട് ഇന്ത്യയെ പ്രതിരോധിക്കാനുള്ള പാക്ക് തന്ത്രം പൊളിച്ച് അമ്മ അവന്തി. അമ്മയെയും ഭാര്യ ചേതനയെയും ഉപചാരം ചെയ്തശേഷം, പാക്കിസ്ഥാന്റെ കുറ്റപത്രത്തില്‍ പറയുന്നതുപോലെ ഭീകരപ്രവര്‍ത്തനം നടത്തിയെന്നും ചാരനാണെന്നും ജാദവ് യാന്ത്രികമായി പറഞ്ഞു തുടങ്ങുകയായിരുന്നു.
22 മാസത്തെ തടവിനുശേഷമാണു കുല്‍ഭൂഷണ്‍ ഭാര്യയെയും അമ്മയെയും കണ്ടത്. ഇത്രയും നാളുകള്‍ക്കുശേഷം കുടുംബത്തെ നേരില്‍ കണ്ടയാളില്‍നിന്നും പ്രതീക്ഷിക്കപ്പെട്ട വികാരങ്ങള്‍ ഒന്നുമായിരുന്നില്ല കുല്‍ഭൂഷണില്‍നിന്നുണ്ടായത്. ഇത് അമ്മയ്ക്കു ഒട്ടും അംഗീകരിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് അമ്മ ദേഷ്യത്തോടെ ഇടപെട്ടത്.
‘നീയെന്താണ് ഇങ്ങനെയൊക്കെ പറയുന്നത്? നീ ഇറാനില്‍ ബിസിനസ് ചെയ്യുകയല്ലായിരുന്നോ? അവിടെനിന്നല്ലേ നിന്നെ തട്ടിയെടുത്തത്?’ അവന്തി ജാദവ് ദേഷ്യത്തോടെ മകന്‍ കുല്‍ഭൂഷണ്‍ ജാദവിനോടു ചോദിച്ചു. മകന്‍ അമ്മയോടു നടത്തുന്ന ഏറ്റുപറച്ചില്‍ എന്നനിലയില്‍ കുല്‍ഭൂഷണിന്റെ വാക്കുകള്‍ പ്രചരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ ഈ വാക്കുകള്‍ അറുത്തുമുറിച്ചു മാറ്റി. തട്ടിയെടുത്തവര്‍ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പറയരുതെന്നും പാക്ക് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ അവര്‍ മകനോട് ആവശ്യപ്പെട്ടു.
കുല്‍ഭൂഷണെതിരെയുള്ള തെളിവുകളുടെ കൂട്ടത്തില്‍ കുടുംബത്തോടുള്ള ഏറ്റുപറച്ചിലും ഉള്‍പ്പെടുത്താന്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു നീക്കം ഉണ്ടായിരുന്നെന്നാണു സംശയിക്കപ്പെടുന്നത്. താന്‍ ഭീകരനാണെന്ന് അമ്മയോടും ഭാര്യയോടും ജാദവ് പറയുന്നതു റെക്കോര്‍ഡ് ചെയ്തു ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാനായിരുന്നു പാക്ക് നീക്കം.
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സംഭാഷണത്തില്‍ താന്‍ മരണത്തെ ഭയപ്പെടുന്നില്ലെന്ന് കുല്‍ഭൂഷണ്‍ പറയുന്നത് ഓഡിയോയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സംഭാഷണങ്ങള്‍ പുറത്തുവിട്ട് തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ശക്തി കുറയ്ക്കാനാണ് പാകിസ്താന്റ ശ്രമമെന്നാണ് വിലയിരുത്തല്‍.
കൂടിക്കാഴ്ച എങ്ങനെയായിരിക്കണമെന്ന ഇരുരാജ്യങ്ങളുടെയും ധാരണയ്ക്കു വിരുദ്ധമായായി പലകാര്യങ്ങളും അവിടെ സംഭവിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം അവന്തിയും ചേതനയും പാക്ക് മാധ്യമപ്രവര്‍ത്തകരുടെ മുന്നിലേക്കു കൊണ്ടുവന്നിരുന്നു. ഇരുവരെയും കൊണ്ടുപോകാനുള്ള വാഹനം എത്താന്‍ വളരെയേറെ വൈകിയത് ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ രോഷാകുലനാക്കി. ഇത്, അവന്തിയെയും ചേതനയെയും മാധ്യമപ്രവര്‍ത്തകരുടെ അടുത്ത് എത്തിക്കുന്നതിനുള്ള തന്ത്രമായാണു വിലയിരുത്തപ്പെടുന്നത്.