കുമ്മനത്തെ നീക്കിയതിന് പിന്നില്‍ ബിജെപിയിലെ പടലപ്പിണക്കം

കൊച്ചി:തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഒരു രാഷ്ട്രീയ പാര്‍ട്ടി വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന അധ്യക്ഷനെ ഒഴിവാക്കുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യാനുഭവം. നാളെ കഴിഞ്ഞാല്‍ ചെങ്ങന്നൂര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ പരാജയം സമ്മതിച്ചത് പോലെയായി ബി ജെ പിയുടെ നീക്കം.2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയത് ആറായിരം വോട്ട് മാത്രം. എന്നാല്‍ 2016ല്‍ വോട്ട് 43,000ല്‍ എത്തിച്ചത് ബിജെപിയെടക്കം ഞെട്ടിച്ചിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി.എസ് ശ്രീധരന്‍പിള്ളയായിരുന്നു സ്ഥാനാര്‍ത്ഥി. ബിജെപിക്ക് സംസ്ഥാനത്ത് ജയിക്കാനാകുമെന്ന് കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്ന മണ്ഡലങ്ങളിള്‍ ഒന്നാണ് ചെങ്ങന്നൂര്‍. അതുകൊണ്ടു തന്നെ ചെങ്ങന്നൂര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപി നേതാക്കള്‍ കടിപിടി കൂടിയിരുന്നു. എംടി രമേശ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയ പേരുകളാണ് ശ്രീധരന്‍ പിള്ളയ്ക്ക് പുറമെ ഉയര്‍ന്നു വന്നത്. മൂന്നു പേരും ബിജെപിക്കുള്ളിലെ മൂന്നു ഗ്രൂപ്പുകളുടെ പ്രധാനികളാണ്.

എല്ലാവരേയും വെട്ടി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസുകളോടെ ശ്രീധരന്‍പിള്ള വീണ്ടും സ്ഥാനാര്‍ത്ഥിയായതോടെ പിള്ളയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ രഹസ്യ നീക്കം തുടങ്ങി. ചെങ്ങന്നൂരുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെല്ലാം ബിജെപിക്കുള്ളിലെ കേന്ദ്രങ്ങള്‍ തന്നെ പടച്ചുവിട്ടവയാണ്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതടക്കം ഇങ്ങനെ സൃഷ്ടിച്ച വിവാദങ്ങളാണ്.BJP KERALA -herald

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന കമ്മറ്റി പരിച്ചുവിടുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വത്തിലെ എല്ലാ നേതാക്കളേയും അവരുടെ പാര്‍ട്ടി പദവികളില്‍നിന്നും ഒഴിവാക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ തോല്‍ക്കും എന്നതു മാത്രമല്ല കുമ്മനം രാജശേഖരന്‍ അധ്യക്ഷ പദവിയില്‍ പരാജയമായിരുന്നു എന്നു കൂടി കേന്ദ്രത്തെ ബോധിപ്പിക്കാന്‍ സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കള്‍ക്ക് കഴിഞ്ഞു.

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ അത്യന്തികമായി ആര്‍എസ്എസ് പ്രചാരകനാണ്. ആര്‍എസ്എസിന്റെ നിര്‍ദേശാനുസരണമാണ് കുമ്മനത്തെ ബിജെപി അധ്യക്ഷപദത്തിലെത്തിക്കുന്നത്. മുരളീധര വിഭാഗത്തിലെ നേതാക്കള്‍ക്ക് അന്നു മുതല്‍ ഈ നീക്കത്തോട് അതൃപ്തിയുണ്ടായിരുന്നു. മെഡിക്കല്‍കോഴ വിവാദത്തിലുള്‍പ്പെടെ കുമ്മനത്തിന്റെ നിലപാടിനോട് അതൃപ്തി പ്രകടിപ്പിച്ച ഗ്രൂപ്പുകള്‍ കുമ്മനത്തിനെതിരെയുള്ള നീക്കം ശക്തമാക്കുകയായിരുന്നു. കുമ്മനത്തിന് സംസ്ഥാന അധ്യക്ഷപദവിയില്‍ വേണ്ടത്ര ശോഭിക്കാനായില്ലെന്ന് ആര്‍എസ്എസും വിലയിരുത്തി.

കുമ്മനം രാജശേഖരനെ തിരഞ്ഞെടുപ്പിന് മുമ്പേ മാന്യമായി പാര്‍ട്ടി പുറത്താക്കുകയായിരുന്നു എന്നു കരുതണം. പകരം കിട്ടിയ മിസോറാം ഗവര്‍ണര്‍ സ്ഥാനം, സംസ്ഥാനത്തെ ബിജെപി പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കാതിരിക്കാനും, അതു വര്‍ധിപ്പാക്കാനും ഗുണകരമാകുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വിജയമല്ല ബിജെപി സംസ്ഥാന നേതാക്കളുടെ പ്രഥമ പരിഗണനാ വിഷയം. കുമ്മനത്തിന് ശേഷം ആരാകും സംസ്ഥാന അധ്യക്ഷനെന്ന ചര്‍ച്ചകളിലും നീക്കങ്ങളിലും സജീവമാണ് നേതാക്കള്‍. എന്നാല്‍ പുതിയ സംസ്ഥാന അധ്യക്ഷന്‍ ആരാകുമെന്ന് കോര്‍കമ്മിറ്റി കൂടി തീരുമീനിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

കെ സുരേന്ദ്രന്‍, എംടി രമേശ് എന്നീ പേരുകളാണ് സജീവമായി ഉയര്‍ന്നു വരുന്നത്. ബിജെപി അധ്യക്ഷനെ ആര്‍എസ്എസ് തീരുമാനിച്ചാല്‍ നറുക്ക് ജെ നന്ദകുമാറിന് വീഴും. ആര്‍എസ്എസ് ദേശീയ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച പരിചയം നന്ദകുമാറിനുണ്ട്.എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി വനിതാ സംസ്ഥാന അധ്യക്ഷ എന്ന ആലോചനയും കേന്ദ്ര ബിജെപി-ആര്‍എസ്എസ് പരിഗണനയിലുണ്ട്. അങ്ങനെവന്നാല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു. ശോഭസുരേന്ദ്രനും ആര്‍എസ്എസിന് പഥ്യമുള്ള പേരാണ്.

Top