കൊച്ചി: കെ. വി തോമസിനെ അനുനയിപ്പിക്കാൻ ഒടുവിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടു. സോണിയ ഗാന്ധി തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് കെ. വി തോമസ് പറഞ്ഞു.പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രൊഫസർ കെ വി തോമസ് തിരുവനന്തപുരത്ത് ചേരുന്ന കെ പി സി സി യോഗത്തിൽ പങ്കെടുക്കും. സോണിയ ഗാന്ധി പറഞ്ഞതു കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടത്താനിരുന്ന വാർത്താ സമ്മേളനവും കെ വി. തോമസ് റദ്ദാക്കി.
കെ വി തോമസ് പാർട്ടി വിടുമെന്നും സി പി എമ്മിൽ ചേരുമെന്നും ഉള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ താൽക്കാലിക വിരാമമായി. മധ്യസ്ഥശ്രമവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് വിളിച്ചതോടെ കെ വി തോമസ് അയഞ്ഞു.സോണിയ ഗാന്ധി പറയുന്ന കാര്യം അനുസരിക്കുമെന്നും അവർ പറഞ്ഞാൽ അവഗണിക്കാൻ പറ്റില്ലെന്നും പറഞ്ഞ കെ വി തോമസ് പാർട്ടിയിൽ നിന്നും ചിലർ ആക്ഷേപിച്ചത് വേദന ഉണ്ടാക്കിയെന്നും വ്യക്തമാക്കി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ വിളിച്ചിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.
ചില വിഷമങ്ങൾ ഉണ്ട്. ബാക്കി കാര്യങ്ങൾ ചർച്ചയ്ക്ക് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു. ഉപാധികൾ ഒന്നുമില്ലാതെയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഒരു സ്ഥാനവും ആരും ഓഫർ നൽകിയിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പാർട്ടിയിൽ നേരിട്ട പ്രയാസങ്ങളും രാഷ്ട്രീയ നിലപാടും പ്രഖ്യാപിക്കുമെന്ന് നേരത്തെ കെ വി തോമസ് അറിയിച്ചിരുന്നു. നേതാക്കളുടെ ഇടപെടലോടെ അഭ്യൂഹങ്ങൾക്ക് നാടകീയ അന്ത്യം കൈ വന്നിരിക്കുകയാണ്. ഇനി എല്ലാ കണ്ണുകളും ഇനി തിരുവനന്തപുരത്തെ യോഗത്തിലാണ്.
ശനിയാഴ്ച കൊച്ചിയിൽ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം കെ വി തോമസ് മാറ്റി വെച്ചിരുന്നു. ശനിയാഴ്ച തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടുമായി കെ വി തോമസ് ചര്‍ച്ച നടത്തുമെന്നാണ് സൂചന. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വിടുന്നത് പ്രഖ്യാപിക്കുമെന്നും കൊച്ചിയിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയാകുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് തോമസിന്റെ നിർണായക നീക്കം.
മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും ഉൾപ്പെടെയുള്ള നേതാക്കൾ കെ വി തോമസുമായി ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. ശനിയാഴ്ച തലസ്ഥാനത്ത് എത്തണമെന്നും ഹൈക്കമാൻഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അപ്പോഴൊന്നും അതിനു വഴങ്ങാൻ കെ വി തോമസ് തയ്യാറായിരുന്നില്ല. ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അദ്ദേഹം വഴങ്ങിയതെന്നാണ് സൂചന. കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായും വിവരമുണ്ട്.