മാതാപിതാക്കള്‍ റോഡില്‍ ഉപേക്ഷിച്ച കുഞ്ഞിന് തുണയായത് പോലീസ് ഉദ്യോഗസ്ഥ. റോഡിന് വശത്തായി ഉറുമ്പരിച് കിടന്നിരുന്ന പിഞ്ചുകുഞ്ഞിന് സ്വന്തം മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ചത് പോലീസ് ഉദ്യോഗസ്ഥയാണ്. ഒരു ദിവസം പ്രായമായ കുഞ്ഞിനെയാണ് ബെംഗളൂരിലെ സംഗീത എസ് ഹലിമാനി എന്ന് വനിത പോലീസുകാരി മുലപ്പാല്‍ നല്‍കി രക്ഷപെടുത്തിയത്. ജിവിവികെ കോളേജിനു സമീപം യെഹങ്കയിലെ വഴിയരികിലായിരുന്നു തണുത്തു വിറച്ച് ഉറുമ്പരിച്ച നിലയില്‍ പെണ്‍കുഞ്ഞു കിടന്നത്.
കുട്ടിയെ ലഭിച്ച വിവരം രേഖപ്പെടുത്താന്‍ ആശുപത്രിയില്‍ എത്തിയ സംഗീത കുഞ്ഞുവിശന്നു കരയുന്നത് ശ്രദ്ധിച്ചു. തുടര്‍ന്ന് ഡോക്ടറുടെ അനുവാദത്തോടെ ഇവര്‍ കുഞ്ഞിന് പാല്‍ നല്‍കുകയായിരുന്നു.
കുഞ്ഞിന്റെ മുഖം കണ്ടപ്പോള്‍ തനിക്ക് തന്റെ പത്തുമാസം പ്രായമുള്ള മകളെ ഓര്‍മ്മ വന്നെന്നാണ് സംഗീത പറഞ്ഞത്. 2.7 കിലോ ഭാരം വരുന്ന കുഞ്ഞിന് തീവ്രമായ തണുപ്പേറ്റ് ഹൈപ്പോതെര്‍മിയ എന്ന അവസ്ഥ വന്നിരുന്നുവെന്നും മുലപ്പാല്‍ കുടിച്ച് അമ്മയുടെ ചൂടു ലഭിച്ചതോടെ കുഞ്ഞിന്റെ അവസ്ഥയ്ക്ക് മാറ്റം വന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു