
ന്യൂഡല്‍ഹി: ലഖിംപുർ കർഷക കൊലപാതകക്കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി 10.45നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രാത്രി തന്നെ കോടതിയിൽ ഹാജരാക്കി.
ഒക്ടോബർ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രകടനമായി നീങ്ങിയ കർഷകരുടെ പിന്നിലൂടെ കാർ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ 5 ദിവസത്തിനു ശേഷമായിരുന്നു അറസ്റ്റ്. സംഭവത്തിൽ നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. കാറിൽ ആശിഷ് ഉണ്ടായിരുന്നുവെന്നും കർഷകർക്കുനേരെ വെടിയുതിർത്തെന്നും മൊഴിയുണ്ട്.
ചോദ്യംചെയ്യലിനോട് ആശിഷ് സഹകരിച്ചില്ലെന്നും പല ചോദ്യങ്ങൾക്കും കൃത്യമായി മറുപടി പറഞ്ഞില്ലെന്നും എസ്ഐടി തലവൻ ഐജി ഉപേന്ദ്ര അഗർവാൾ പറഞ്ഞു. അതിനിടെ, അജയ് മിശ്രയുടെ രാജിക്കായി പല കോണുകളിൽനിന്ന് സമ്മർദം ഏറുകയാണ്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ അജയ് മിശ്ര രാജിവയ്ക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തലാണു ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത് എന്നാണു സൂചന. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഈ നിലപാടാണുള്ളതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിൽ ആശിഷിനെ സംരക്ഷിക്കാൻ യോഗി ആദിത്യനാഥ് ശ്രമിച്ചില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. 20% വരുന്ന ബ്രാഹ്മണ വോട്ടുകൾ പിടിക്കാൻ കോൺഗ്രസിൽനിന്നു ജിതിൻ പ്രസാദയെ കൊണ്ടുവന്ന യോഗി, ലഖിംപുർ വിഷയത്തിൽ ബ്രാഹ്മണ സമുദായത്തിലെതന്നെ അജയ് മിശ്രയെയും മകൻ ആശിഷിനെയും സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്ന തോന്നൽ ബിജെപിയിൽ ശക്തമാണ്. വിഷയത്തിൽ മന്ത്രിപുത്രന്റെ പേരുയർന്നപ്പോൾ തടുക്കാതിരുന്നതും മന്ത്രി ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ ഇട്ടതും മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണു പാർട്ടിക്കുള്ളിലെ ചർച്ച.
ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റു നാലുപേരും മരിച്ചു.
സംഭവത്തില്‍ യുപി സര്‍ക്കാരിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊലക്കുറ്റം ചുമത്തിയ കേസില്‍ പ്രതികളോട് ഇത്രയും ഉദാര സമീപം എന്തിനെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചത്.യു പി പോലീസ് സ്വീകരിച്ച നടപടിയില്‍ തൃപ്തരല്ലെന്നും കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ന്യായമില്ലെന്നും വ്യക്തമാക്കിയ കോടതി കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുമ്പായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആശിഷ് മിശ്രയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്.