ജിഷ കൊലക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍: ജിഷ പെരുമ്പാവൂരിലെ ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷി, അമ്മയ്ക്ക് എല്ലാം അറിയാം: കെ.വി. നിഷ

കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെ.വി. നിഷ പത്രസമ്മേളനം നടത്തി. ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാണ് കെ.വി. നിഷ ആവശ്യപ്പെടുന്നത്. ഇതിനായി കോടതിയെ ഉടന്‍ സമീപിക്കുമെന്നും നിഷ പറഞ്ഞു.

ജിഷ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഉദാസീനത എന്തിനാണെന്നു തെളിയിക്കണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അമീറുള്‍ ഇസ്ലാം മാത്രമാണു കുറ്റക്കാരനെന്നു വിശ്വസിക്കുന്നില്ല. ജിഷയുടെ അമ്മ രാജേശ്വരിക്കു സത്യങ്ങള്‍ എല്ലാം അറിയാം. പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചുവയ്ക്കുന്നതെന്നു സംശയമുണ്ട്.

ജിഷയുടെ അമ്മായിക്കും പല സത്യങ്ങളും പുറത്തു പറയാനുണ്ട്. പെരുമ്പാവൂരിലുള്ള ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു. ഇതില്‍ കുറ്റവാളിയായവര്‍ക്കെതിരേയുള്ള തെളിവുകള്‍ സമാഹരിക്കാനാണു പെന്‍ ക്യാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെ ഒരു സംഭവം നടന്നതായി പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് ഇക്കാര്യങ്ങള്‍ ഒന്നും പരിശോധിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചതു തെളിവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടിയാണ്.

ഒരു കൊലപാതകം നടന്ന വീട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുകലുകള്‍ ഒന്നും പോലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമാകുന്നതുവരെ ആര്‍ക്കു വേണമെങ്കിലും കയറിയിറങ്ങാവുന്ന സാഹചര്യമായിരുന്നു അവിടെ. ഇതെല്ലാം ചൂണ്ടി കാണിക്കുന്നതു ജിഷയുടെ കൊലപാതകത്തില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളതാണ്. ഇതെല്ലാം അന്വേഷണം നടത്തി പുറത്തു കൊണ്ടു വരണമെന്നും അവര്‍ പറഞ്ഞു. ഇതിനായി പ്രധാനമന്ത്രിക്ക് പരാതി നല്കിയെന്നും അവര്‍ വ്യക്തമാക്കി.

Top