തിരുവനന്തപുരം: സർവാധിപത്യം നേടി എൽഡിഎഫ്. കോർപറേഷനുകൾ ഉൾപ്പെടെയുള്ള തദ്ദേശ ഭരണം എൽഡിഎഫിന് ലഭിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് തരംഗമാണ് ഉണ്ടായത്.മുനിസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മുന്നേറ്റം. കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിച്ചു. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്തും യുഡിഎഫ് വിജയിച്ചു.
അതേസമയം സംസ്ഥാനചരിത്രത്തിൽ ഇതാദ്യമായി വൻ മുന്നേറ്റമാണ് തദ്ദേശ തെരഞ്ഞെപ്പിൽ ബി.ജെ.പിയും നടത്തുന്നത്. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയെങ്കിലും അതിനെ വോട്ടാക്കി മാറ്റാൻ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യ പ്രതിപക്ഷമായ യു.ഡി.എഫ്.
ഗ്രാമ- ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലുമാണ് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നത്. മുനിസിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളില്‍ 504 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫിന് 377, എന്‍ഡിഎ, 24, മറ്റുള്ളവര്‍ 29 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 152ല്‍ എല്‍ഡിഎഫ് 108 ഇടത്തും യുഡിഎഫ് 43 ഇടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ പത്തിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. നാലിടത്താണ് യു.ഡി.എഫ്. മുനിസിപ്പാലിറ്റികളില്‍ 86 എണ്ണത്തില്‍ 42 ഇടത്ത് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. 38 മുൻസിപ്പാലിറ്റികളിലാണ് ഇടത്.
കോര്‍പറേഷനുകളില്‍ നാലിടത്താണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. തിരുവനന്തപുരം (43), കൊല്ലം (38), കോഴിക്കോട് (47) കൊച്ചി (35) എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ലീഡി്ചെയ്യുന്നത്. കണ്ണൂര്‍ (27),തൃശ്ശൂർ (23) എന്നിവിടങ്ങളിലാണ് യു.ഡി.എഫ് മുന്നേറ്റം.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് മത്സരരംഗത്ത് പോലും ഇല്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ 42 സീറ്റുകളില്‍ വിജയിച്ച എൽഡിഎഫിന് 50 സീറ്റ് മറികടന്ന് ഭരണത്തിലേക്കെത്തുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 സീറ്റ് നേടിയ യു.ഡി.എഫ് ഇക്കുറി ഇപ്പോള്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാനാവുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 35 തെരഞ്ഞെടുപ്പ് നേടിയ എൻഡിഎ 29 സീറ്റുകളിലാണ് മുന്നേറുന്നത്.തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുത്തത് മധ്യ കേരളത്തിലെ യു.ഡി.എഫ് കോട്ടകൾ തകർക്കാൻ ഇടതു മുന്നണിയെ സഹായിച്ചിട്ടുണ്ട്. കെ.എം മാണിയുടെ തട്ടകമായ പാലാ നഗരസഭ ചരിത്രത്തിൽ ആദ്യമായി പിടിച്ചെടുത്തതിനു പുറമെ പി.ജെ ജോസഫിന്റെ ശക്തി കേന്ദ്രമായ തൊടുപുഴയിലും ഇടതു മുന്നണി ശക്തി കാട്ടി. കോട്ടയം ജില്ലയിലെ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം എൽ.ഡി.എഫ് വിള്ളൽ വീഴ്ത്തിയെന്നതാണ് യാഥാർത്ഥ്യം.