തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഉമ്മന്‍ചാണ്ടി തന്നെ നയിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനയെ തള്ളി കെ. മുരളീധരന്‍ രംഗത്ത്. ആര് നയിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാര്‍ തീരുമാനിക്കും. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
നേതാവിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ ആവശ്യമില്ല. കേരളത്തില്‍ ഇതുവരെ പിന്തുടര്‍ന്നു വരുന്ന നടപടിക്രമം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാര്‍ ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുകയോ അല്ലങ്കില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയോ ആണ്. ചില സന്ദര്‍ഭങ്ങളില്‍ നേതാവിനെ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ തീരുമാനം വരേണ്ടത് ഹൈക്കമാന്‍ഡില്‍ നിന്നാണ്. മുരളീധരന്‍ വ്യക്തമാക്കി.
അടുത്ത തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി തന്നെ നയിക്കുമെന്ന സുധീരന്റെ പ്രസ്താവനയ്‌ക്കെതിരെ ആദ്യമായാണ് പരസ്യ പ്രതികരണം ഉണ്ടാകുന്നത്. സുധീരന്റെ പ്രസ്താവനയോട് എ, ഐ ഗ്രൂപ്പുകള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതിനാല്‍ പരസ്യ പ്രതികരണം വേണ്ടെന്നായിരുന്നു ഇരു ഗ്രൂപ്പുകളുടെയും ധാരണ.