
കൊച്ചി:കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് പ്രലോഭനങ്ങളുമായി സിപിഐഎം-ഇടതു മുന്നണി നേതൃത്വങ്ങള്‍. കേരളാ കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിലെ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി. ഇടതുനേതാക്കളുടെ പ്രതികരണങ്ങളെ ജോസ് കെ മാണി സ്വാഗതം ചെയ്തപ്പോള്‍, യുഡിഎഫ് വിട്ടതില്‍ അദ്ദേഹത്തിന് നിഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പിജെ ജോസഫ് ആരോപിച്ചു.
ദേശാഭിമാനിയിലെഴുതിയ പികെ ചന്ദ്രാനന്ദന്‍ അനുസ്മരണത്തിലാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ പുകഴ്ത്തി കോടിയേരി രംഗത്തെത്തിയത്. കേരളാ കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും. ഇത് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു. ഏത് മുന്നണിയിലേക്ക് പോകുമെന്ന് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പൊതു സാഹചര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ജോസ് വിഭാഗവുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നു സമ്മതിച്ച ജോസ് കെ മാണി, ഇടതുനേതാക്കളുടെ പ്രസ്താവനകളില്‍ സന്തോഷം പ്രകടിപ്പിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. അതേസമയം, ജോസ് വിഭാഗം സ്വയം പുറത്തുപോവുകയായിരുന്നുവെന്ന് പിജെ ജോസഫ് പ്രതികരിച്ചു. അതിനിടെ, ജോസ് വിഭാഗം സംസ്ഥാനസമിതിയംഗം തങ്കച്ചന്‍ വാലുമ്മേല്‍ ജോസഫ് പക്ഷത്തേക്ക് ചേര്‍ന്നു.
യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകർന്നു എന്ന് വ്യക്തമാക്കുന്നതാണ് ആ മുന്നണിയിലെ ഒടുവിലത്തെ സംഭവവികാസങ്ങളെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളതെന്ന് പുന്നപ്രവയലാർ സമരനായകനായ പികെ ചന്ദ്രാനന്ദനെ അനുസ്‌മരിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ചൂണ്ടിക്കാട്ടി.
‘‘കേരള രാഷ്ട്രീയത്തിൽ പലതരത്തിലുള്ള സംഭവ വികാസങ്ങളും ഉരുത്തിരിഞ്ഞുവരികയാണ്. യുഡിഎഫിൽ ദീർഘകാലമായി ഘടക കക്ഷിയായി തുടരുന്ന മാണി കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേരള കോൺഗ്രസിലെ ജോസ് കെ മാണി, പി ജെ ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകർന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് വേഗത കൂട്ടും.
യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർടികളിലൊന്നാണ് കേരള കോൺഗ്രസ്. കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി യുഡിഎഫ് വിട്ട് ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാർ കൂടുതൽ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണ്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം പ്രതിഫലിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടുന്ന ഈ ഘട്ടത്തിൽ പി കെ സിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നതാണ്.’’‐ലേഖനത്തിൽ പറയുന്നു.