ചെയര്‍മാന്റെ സമ്പൂര്‍ണ്ണ അധികാരം ജോസഫിന്; ജോസ് കെ. മാണിക്ക് കനത്ത തിരിച്ചടി.പാര്‍ട്ടി ചിഹ്നം അനുവദിക്കാനും അധികാരം കോടതി വിധി ജോസഫിന്.

ഇടുക്കി :ഒടുവിൽ മാണി ഉണ്ടാക്കിയ കേരളം കോൺഗ്രസ് മാണി കോൺഗ്രസ് മകൻ ജോസ് കെ മാണിക്ക് നഷ്ടമായി .പാര്‍ട്ടി ഭരണഘടന മറികടന്ന് ജോസ് കെ മാണി നടത്തിയ നീക്കങ്ങള്‍ ജോസ് കെ മണിക്ക് കനത്ത തിരിച്ചടി ആവുകയായിരുന്നു ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി ഇടുക്കി മുന്‍സിഫ് കോടതി റദ്ദാക്കിയതോടെ ജോസ് കെ. മാണി വിഭാഗത്തിന് നേരിട്ടത് കനത്ത തിരിച്ചടി തന്നെയാണ് . ചെയര്‍മാനെന്ന പദവി ഉപയോഗിക്കാനോ അതുപയോഗിച്ച് എന്തെിങ്കിലും നടപടികള്‍ സ്വീകരിക്കാനോ ജോസ് കെ. മാണിക്ക് അധികാരമില്ലെന്ന് കോടതി വിധിച്ചു.

ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് റദ്ദാക്കിക്കൊണ്ട് കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. പാര്‍ട്ടി ചെയര്‍മാന്‍ പദവി ജോസ് കെ. മാണി ഉപയോഗിക്കാന്‍ പാടില്ല. പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ടും ചെയര്‍മാന്‍ പദവി ഉപയോഗിച്ച് യാതൊരു തീരുമാനങ്ങളും എടുക്കാനാകില്ല. പാര്‍ട്ടി കമ്മറ്റികള്‍ വിളിച്ചുചേര്‍ക്കാനാകില്ല. പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനാവില്ല. ജൂണ്‍ 16ന് നടന്ന തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാനെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് കൊടുക്കാനോ മറ്റ് നടപടികളിലേക്ക് കടക്കാനോ അധികാരമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെയര്‍മാനെന്ന നിലയില്‍ യാതൊരു അധികാരവും പ്രയോഗിക്കാന്‍ ജോസ് കെ. മാണിക്ക് അധികാരമില്ലെന്ന് കോടതി വിധിച്ചതോടെ ചെയര്‍മാന്റെ പൂര്‍ണ അധികാരം പി.ജെ ജോസഫിന് കൈവന്നിരിക്കുകയാണ്. ഇതോടെ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിക്കാനുള്ള അധികാരവും ജോസഫിന് കൈവന്നിരിക്കുകയാണ്. ജോസ് കെ. മാണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തര്‍ക്കമുന്നയിക്കാന്‍ പോലും കോടതി വിധി തടസമായിരിക്കുന്ന സാഹചര്യത്തില്‍ ജോസ് കെ. മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് കോടതിയില്‍ നിന്ന് നേരിട്ടിരിക്കുന്നത്.

പാര്‍ട്ടി ഭരണഘടന പാര്‍ട്ടി ഭരണഘടന പ്രകാരം പത്ത് ദിവസം മുമ്പെങ്കിലും നോട്ടീസ് കൊടുത്ത ശേഷം സംസ്ഥാന സമിതി വിളിക്കാന്‍. എന്നാല്‍ ജോസ് കെ. മാണി വിഭാഗം ജൂണ്‍ 16ന് കോട്ടയത്ത് വിളിച്ച യോഗം തലേന്ന് വിളിച്ചുചേര്‍ക്കുകയായിരുന്നു. ഈ നടപടി പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. പാര്‍ട്ടി ഭരണഘടനയുടെ 11-ാം വകുപ്പ് പ്രകാരം പാര്‍ട്ടി ചെയര്‍മാന് മാത്രമേ കമ്മറ്റി വിളിച്ചുചേര്‍ക്കാന്‍ അധികാരമുള്ളൂ. പാര്‍ട്ടി ഭരണഘടനയുടെ 29-ാം വകുപ്പ് പ്രകാരം ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന് കമ്മറ്റി വിളിച്ചുചേര്‍ക്കാം.

എന്നാല്‍ ഏതാനും പേരെക്കൊണ്ട് ഒപ്പിട്ട കത്ത് നല്‍കിക്കൊണ്ട് യോഗം വിളിക്കുകയും സംസ്ഥാന കമ്മറ്റി വിളിക്കാന്‍ കെ.എ ആന്റണിയെ ചുമതലപ്പെടുത്തിക്കൊണ്ട് യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. എന്നാല്‍ കെ.എ ആന്റണിക്ക് യോഗം വിളിച്ചുചേര്‍ക്കാന്‍ അധികാരമില്ലെന്ന് വിലയിരുത്തിയ കോടതി, അത്തരത്തില്‍ വിളിച്ച യോഗം നിയമവിരുദ്ധമാണെന്നും കണ്ടെത്തി. 29-ാം വകുപ്പ് ചെയര്‍മാന്‍ മരിക്കുന്ന സാചര്യത്തില്‍ ബാധകമാകില്ലെന്ന എതിര്‍വാദമാണ് ജോസ് കെ. മാണി വിഭാഗം ഉന്നയിച്ചത്. എന്നാല്‍ കോടതി ഈ വാദം തള്ളി.

പാര്‍ട്ടിയുടെ നിര്‍ണായക പദവിയില്‍ ഒഴിവ് വന്നാല്‍ സമവായ ചര്‍ച്ച നടത്തണമെന്ന് പാര്‍ട്ടി ഭരണഘടനയുടെ 31-ാം വകുപ്പ് പറയുന്നു. സമവായ ചര്‍ച്ചകള്‍ക്കുള്ള ശ്രമം പുരോഗമിക്കവെയാണ് ജോസ് കെ. മാണി വിഭാഗം നിയമവിരുദ്ധമായി യോഗം വിളിക്കുകയും പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയും ചെയ്തത്. ഇതോടെ ജോസ് കെ. മാണി വിഭാഗത്തിന്റെ നടപടികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി.

ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി വിഭാഗം ഹാജരാക്കിയ രേഖകളിലെ സീലും വ്യാജമാണെന്ന് കോടതി കണ്ടെത്തി. കെ.എം മാണി ജീവിച്ചിരിക്കെ നടത്തിയ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഭാരവാഹികളുടെയും മറ്റും പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. പ്രസ്തുത പട്ടികയില്‍ കെ.എം മാണിയും ജോയ് ഏബ്രഹാമും ഒപ്പിട്ടിട്ടുണ്ട്. പാര്‍ട്ടി സീലും അതിലുണ്ട്. കൂടാതെ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ പാര്‍ട്ടി ഭരണഘടനയിലും പാര്‍ട്ടി സീലുണ്ട്. എന്നാല്‍ ജോസ് കെ. മാണി വിഭാഗം ഹാജാരാക്കിയ രേഖകളില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ വ്യാജ സീലാണ് പതിപ്പിച്ചിരുന്നു. ഇതും കോടതിയില്‍ തിരിച്ചടിയായി. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടുക്കി മുന്‍സിഫ് കോടതിയുടെ ഉത്തരവ്. തൊടുപുഴ മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഇടുക്കി മുന്‍സിഫ് കോടതി ശരിവയ്ക്കുകയായിരുന്നു.

Top