ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു; അന്ത്യം മുംബൈയിലുള്ള ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് ആറ് പതിറ്റാണ്ട് ഹിന്ദി സിനിമയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വം

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു. മുംബൈയിലുള്ള ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ബോളിവുഡ് താരറാണി ഹേമ മാലിനിയുടെ ഭര്‍ത്താവാണ്, ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍, വിചേത, അജീത, അഹാന എന്നിവര്‍ മക്കളാണ്. 2012ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ധര്‍മ്മേന്ദ്ര 1960-ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആശുപത്രിയിലെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധരം സിങ് ഡിയോള്‍ എന്നാണ് യഥാര്‍ഥ പേര്. 1935 ഡിസംബര്‍ 8ന് പഞ്ചാബിലെ ലുധിയാനയിലാണ് ജനനം. ജാട്ട് സമുദായക്കാരനാണ് ധര്‍മേന്ദ്ര. 19 വയസുള്ളപ്പോള്‍ ആദ്യവിവാഹം. പ്രകാശ് കോറായിരുന്നു. ആദ്യഭാര്യ. പിന്നീടാണ് നടി ഹേമമാലിനിയെ വിവാഹം കഴിക്കുന്നത്. അന്‍പഥ്’, ‘അനുപമ’ തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. പിന്നീട് ‘ഡ്രീംഗേള്‍’, ‘ഷോലെ’ ‘ധരംവീര്‍’ എന്നീ സിനിമകളിലൂടെ നായകനിരയിലേക്ക് ഉയര്‍ന്നു. ബോളിവുഡ് ചലച്ചിത്ര ചരിത്രത്തില്‍ പ്രദര്‍ശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ഷോലെ. ധര്‍മേന്ദ്രയും അമിതാഭ് ബച്ചനും മത്സരിച്ച് അഭിനയിച്ച ചിത്രം തുടര്‍ച്ചയായി 286 ആഴ്ചകള്‍ മുംബൈയിലെ മിനര്‍വ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ബോളിവുഡിന്റെ ‘ഹീ-മാന്‍’ എന്നറിയപ്പെട്ടിരുന്ന ധര്‍മേന്ദ്ര, ആറ് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ ചലച്ചിത്ര പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത്. 1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി.

ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ അദ്ദേഹം കൃഷിയും ജൈവ ജീവിതരീതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ കൃഷിത്തോട്ടത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം ആരാധകരുമായി ബന്ധം നിലനിര്‍ത്തിയിരുന്നു.

ഷാഹിദ് കപൂറും കൃതി സോനനും അഭിനയിച്ച ‘ തേരി ബാത്തോം മേ ഐസാ ഉത്സാ ദിയാ’ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന ‘ ഇക്കിസ്’ ആണ് ഇനി റിലീസാകാനുള്ള ചിത്രം. ഡിസംബര്‍ 25 നാണ് ചിത്രത്തിന്റെ റിലീസ്.

 

 

Top