
ലണ്ടന്‍: സ്വവര്‍ഗാനുരാഗികളുടെ പേടിസ്വപ്‌നമായ ‘കണ്‍വേര്‍ഷന്‍ തെറാപ്പി’ക്കു ബ്രിട്ടിഷ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. സ്വവര്‍ഗാനുരാഗികളെ വിവിധ ചികിത്സാ രീതികളിലൂടെയും കൗണ്‍സിലിങിലൂടെയും സ്വവര്‍ഗാനുരാഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണു ‘കണ്‍വേര്‍ഷന്‍ തെറാപ്പി’. ഇതിനെതിരെ അനേകം എല്‍ജിബിടിക്കാര്‍ രംഗത്തെത്തിയിരുന്നു. അതിനെത്തുടര്‍ന്ന് 10 ലക്ഷത്തിലധികം എല്‍ജിബിടി വിഭാഗത്തില്‍പ്പെട്ടവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
‘കണ്‍വേര്‍ഷന്‍ തെറാപ്പി’കള്‍ തടയുന്നതിനു നിയമപരമായ എല്ലാം സാധ്യതകളും ഉപയോഗിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. വൈദ്യശാസ്ത്രപരമായോ ആത്മീയമായോ എന്തു സഹായവും ലഭിക്കുന്നതിന് ഇതു തടസ്സമല്ലെന്നും അവര്‍ പറഞ്ഞു. ”സമൂഹത്തിലെ എതിര്‍പ്പിനെ ഭയന്നു തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ ആരും ഭയക്കേണ്ടതില്ല. സ്വവര്‍ഗാനുരാഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാന്‍ ഉതകുന്ന സുസ്ഥിര നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക” എന്നും അവര്‍ വ്യക്തമാക്കി.