രുവനന്തപുരം: വിദേശ വനിത ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡി.എന്‍.എ പരിശോധനാ ഫലവും ഇന്ന് ലഭിക്കും. കൊലപാതകം തന്നെയാണെന്ന് സഹോദരി എലിസ ആവർത്തിച്ചു.സംസ്ഥാന പോലീസ് തങ്ങള്‍ക്ക് നീതി നിഷേധിച്ചതായി ലിഗയുടെ കുടുംബം. സാമൂഹ്യമാധ്യമങ്ങളില്‍ സങ്കടം പങ്കുവെച്ച് ലിഗയുടെ കുടുംബവും സുഹൃത്തുക്കളും. ലിഗ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള അവധിയാത്രകള്‍ സൂക്ഷിക്കണമെന്ന് വിദേശികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആശങ്ക പങ്കുവെയ്ക്കുന്നു.
ഇന്ന് പുറത്ത് വരുന്ന ശാസ്ത്രീയ പരിശോധനാഫലത്തോടെ മരണത്തിലെ ദുരൂഹതകളേറെ മാറുമെന്ന പ്രതീക്ഷയിലാണ് എലിസയെും പൊലീസും. തുടക്കത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി. പക്ഷെ ഐ.ജിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയെയും ഉടൻ കാണാനാണ് ശ്രമമെന്ന് എലിസ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ വാഴമുട്ടം കേന്ദ്രീകരിച്ചാണ് അന്വേഷണം. കായലിനോട് ചേർന്ന കുറ്റിക്കാട്ടിൽ സ്ഥിരം എത്തുന്നവർ ആരൊക്കെ എന്ന് അന്വേഷണം തുടങ്ങി. പ്രദേശത്തെ ചിലരെ ചോദ്യം ചെയ്തു. വിദേശവനിതയുടെ ദുരൂഹമരണത്തിൽ കുടുംബത്തിന്റെ പരസ്യവിമർശനത്തോടെ പൊലീസ് കടുത്ത സമ്മർദ്ദത്തിലാണ്.
ആദ്യം മുതല്‍ക്കേ തന്നെ സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് ലിഗയെ കണ്ടെത്താന്‍ നടത്തിയ അന്വേഷണം ഊര്‍ജിതമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ സഹായത്തോടെ സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടാന്‍ ലിഗയുടെ കുടുംബത്തിന് കഴിഞ്ഞത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അന്വേഷണ സംഘം രൂപികരിച്ചെങ്കിലും ഫലം കണ്ടില്ല.
ലിഗയെ കാണാതായ മാര്‍ച്ച് 14 ശേഷം ലിഗയെ 15 ന് അടിമലതുറയില്‍ വെച്ച് കണ്ടതായി പറയുന്നു. ദുരൂഹ സാഹചര്യത്തില്‍ ലിഗയെ പോലെ തോന്നിക്കുന്ന വിദേശ വനിതയെ ഒരു ഓട്ടോറിക്ഷ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയായ ഫ്രഡി എന്ന യുവാവ് വിവരം വിഴിഞ്ഞം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്ന് ഇത് പോലീസ് കാര്യമായി എടുത്തില്ല.
ഇത് പോലീസ് സ്റ്റേഷനിലെത്തിയ ലിഗയുടെ കുടുംബത്തോട് വിഴിഞ്ഞം സി.ഐ പറഞ്ഞിരുന്നുയെന്ന് അറിയുന്നു. കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത ശേഷമാണ് പോലീസ് അന്വേഷണത്തിന് ഇറങ്ങിയതെന്ന് ആരോപണമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഫ്രഡിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
ഒരു തുമ്പും ഇല്ലാതെ പോലീസ് അടിമലതുറ മേഖലയില്‍ തിരച്ചില്‍ നടത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് കോവളത്തെ കടകളില്‍ ഉള്ള സിസിടിവി ദൃശ്യങ്ങള്‍ പോലും പോലീസ് പരിശോധിക്കുന്നത്. ലിഗയുടെ മൃതദേഹം കിടന്ന പൂനം തുരുത്തിന് സമീപത്ത് വരെ ഷാഡോ പോലീസ് സംഘങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും പൂനം തുരുത്തിലേക്ക് പോയില്ല.
അതേ സമയം ലിഗ വിഷയത്തില്‍ അയര്‍ലണ്ടിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സമൂഹവും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണവുമായെത്തി. തങ്ങള്‍ അയര്‍ലണ്ടില്‍ സുരക്ഷിതര്‍ ആണെന്നും ഒരു വിദേശിക്ക് നമ്മുടെ നാട്ടില്‍ നീതി നിഷേധിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പ്രതികരിച്ചു. ലിഗ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നതായും ചിലര്‍ ആശങ്ക പങ്കുവെച്ചു.
വരാപ്പുഴ കസ്റ്റഡിമരണത്തിന് പിന്നാലെയുള്ള സംഭവം സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിക്കഴിഞ്ഞു.