മാനഭംഗശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി; പ്രതികളിലൊരാള്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ…

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിലെ അന്വേഷണം വഴിത്തിരിവിൽ. ലിഗയെ മാനഭംഗശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കിയെന്ന് പ്രതികളിലൊരാൾ പോലീസിന്‍റെ ചോദ്യം ചെയ്യൽ വേളയിൽ സമ്മതിച്ചതായി സൂചന. ലിഗയുടെ മരണത്തിൽ അഞ്ച് പേർക്ക് പങ്കുള്ളതായാണ് പോലീസിന്‍റെ ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞത്. ഈ അഞ്ചു പേരും പോലീസിന്‍റെ കസ്റ്റഡിയിലുണ്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്തവരും പോലീസിന്‍റെ നിരിക്ഷണത്തിലാണ്. കോവളത്തെത്തിയ ലിഗയെ സ്ഥലങ്ങൾ കാണിക്കാനെന്ന വ്യാജേന വഴികാട്ടിയായി ഒപ്പം കൂടിയ യുവാവ് മയക്ക് മരുന്ന് കലർന്ന സിഗററ്റ് കൊടുത്ത് മയക്കിയ ശേഷം ഇയാളുടെ മറ്റ് സുഹൃത്തുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. ഇവർ ഒപ്പം കൂടി ലിഗയെ കായൽ യാത്ര ആസ്വദിക്കാൻ ഒപ്പം കൂട്ടുകയും പ്രതികൾ ഫൈബർ ബോട്ടിൽ കയറ്റി ലിഗയെ വാഴമുട്ടത്തെ പൊന്തക്കാട്ടിൽ എത്തിച്ചുവെന്നാണ് ചോദ്യം ചെയ്യൽ വേളയിൽ പ്രതികൾ പോലീസിനോട് വ്യക്തമാക്കിയതെന്നാണ് ലഭിക്കുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊന്തക്കാട്ടിൽ വച്ച് ലിഗയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മൽപ്പിടിത്തമുണ്ടായതായും ഒടുവിൽ ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആറടി പൊക്കമുള്ള മരത്തിൽ കാട്ടുവള്ളി കൊണ്ട് കെട്ടിത്തൂക്കിയെന്നാണ് പോലീസിന്‍റെ ചോദ്യം ചെയ്യലിൽ വെളിപ്പെട്ടത്.ദിവസങ്ങൾ കഴിഞ്ഞതോടെ ജീർണിച്ച് തല വേർപെട്ടതോടെ മൃതദേഹം താഴെ വീഴുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസിന്‍റെ അന്വേഷണം ചെന്ന് നിൽക്കുന്നത്.

ഈ നിഗമനം ശരിയാണെന്നാണ് പോലീസ് സർജന്‍റെയും ഫോറൻസിക് വിദഗ്ധരുടെയും അഭിപ്രായം. മൃതദേഹം കാണപ്പെട്ട പ്രദേശത്ത് മദ്യപാനവും ലഹരി ഉപയോഗവും ചീട്ടുകളിയും നടത്തി വന്നിരുന്നുവെന്ന പ്രദേശ വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കുകയും ഈ പ്രദേശത്ത് തന്പടിച്ചിരുന്നവരെ മുഴുവൻ പേരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ലിഗയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങാൻ ഇടയായത്.

ലിഗയുടെ മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ വിലകൂടിയ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇൽസി തിരിച്ചറിഞ്ഞിരുന്നു. ലിഗയുടേതല്ലാത്ത ചെരിപ്പ് കണ്ടെത്തിയതും സംശയങ്ങൾക്ക് ഇട വരുത്തിയിരുന്നു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും പ്രതികളെന്ന് സംശയിക്കുന്നവരുടെ രോമങ്ങളും തലമുടിയും ത്വക്കിന്‍റെ ഭാഗങ്ങളും ഫോറൻസിക് വിദഗ്ധർ സ്ഥലം സന്ദർശിച്ച് ശേഖരിച്ചിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ തലമുടിയിഴകളും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്നും കണ്ടെത്തിയ തലമുടിയികളും മറ്റും പ്രതികളുടേതുമായി സാമ്യമുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചാലുടൻ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ പ്രത്യേക അന്വേഷണ സംഘം കൈക്കൊള്ളും. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള നാൽപ്പതോളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ലിഗയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്.

Top