കൊച്ചി: കോവളത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ലിഗയുടെ സംസ്കാരം കേരളത്തിൽ നടത്തും. അകാലത്തിൽ പൊലിഞ്ഞ ലിഗ ഇനി ഒരു തണല്‍ മരത്തിന് ഊര്‍ജമായി മാറും……ലിഗയുടെ മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌ക്കരിച്ച ശേഷം ചിതാഭംസ്മം ലാത്വിനിയയിലേയ്ക്കു കൊണ്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം. ലിത്വാനിയായിലെ ആചാരമനുസരിച്ചു ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്കുകയാണു പതിവ്. എന്നാല്‍ ലിഗയുടെ ആഗ്രഹപ്രകാരം വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ പുതിയൊരു തണല്‍ മരത്തിനു വളമായി മാറും എന്ന് സഹോദരി ഇലീസ് പറയുന്നു.
മരണത്തെക്കുറിച്ചു പറയുമ്പോഴെക്ക ലിഗ പറഞ്ഞിരുന്നതായ ഒരു കാര്യം സഹോദരി ഇലീസ് ഓര്‍ത്തെടുക്കുന്നു. മരണശേഷം ദയവു ചെയ്ത് എന്നെ ഷെല്‍ഫില്‍ സൂക്ഷിക്കരുത്.
ഞാന്‍ പ്രകൃതയില്‍ അലിഞ്ഞു ചേരട്ടെ. അതനുസരിച്ചാണു ചിതാഭസ്മം വീട്ടിലെ പുതിയൊരു തണല്‍മരത്തിന് ഊര്‍ജമാകുന്നത്.
ലിഗയുടെ ബന്ധുക്കള്‍ ആരും നാട്ടിലേയ്ക്ക് വരാന്‍ സാധ്യതയില്ല. അമ്മയ്ക്കു യാത്ര ചെയ്യാന്‍ ബുദ്ധിമുള്ളതിനാല്‍ മാതാപിതാക്കള്‍ വരില്ല എന്നും ഇലീസ് പറയുന്നു. ലത്വാനിയയിലെ ലിംബാഷി എന്ന ചെറിയ പട്ടണത്തിലാണ് ലിഗയുടെ കുടുംബത്തിന്റെ താമസം.
അതേസമയം ലിഗയുടെ പോസ്റ്റ്മോർട്ടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചതാണു മരണകാരണം. അതേസമയം ലിഗയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമായിട്ടുണ്ട്. ശരീരത്തിൽ പത്തിലേറെ മുറിവുകൾ പരിശോധനയില്‍ കണ്ടെത്തി. സംഘം ചേർന്ന് അക്രമിച്ചതിനു തെളിവുണ്ടെന്നും പൊലീസിനു കൈമാറിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കോവളത്തിനടുത്തു വാഴമുട്ടത്തു കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതെന്നു ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരണകാരണം അപ്പോൾ വ്യക്തമായിരുന്നില്ല. ശ്വാസം മുട്ടിയാകാം മരിച്ചതെന്നു ഫൊറൻസിക് വിദഗ്ധർ നേരത്തെ പൊലീസിനെ വാക്കാൽ അറിയിച്ചിരുന്നു. ഇതു ശരിയാണെന്നു തെളിയിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളിൽ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കിൽ തരുണാസ്ഥികളിൽ പൊട്ടൽ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് ഫൊറൻസിക് സംഘത്തെ എത്തിച്ചത്. ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.