തിരുവനന്തപുരം: കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്നു പോലീസ്. കൊലപാതകമാണെന്നു വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസിനു കൈമാറി. പ്രത്യേകസംഘത്തലവന്‍ തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശ് ഇക്കാര്യം സ്‌ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് കസ്‌റ്റഡിയില്‍.കഴുത്തില്‍നിന്നു തല വേര്‍പെട്ട നിലയിലാണു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മരണം ശ്വാസംമുട്ടിയാകാമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്‌ധര്‍ തയാറാക്കിയ ഫൊറന്‍സിക് പരിശോധനാഫലം സൂചിപ്പിക്കുന്നത്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കുന്നതോടെ മരണകാരണത്തില്‍ വ്യക്‌തത ലഭിക്കും.
വാഴക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വാഴക്കുളം കണ്ടല്‍ക്കാടുകള്‍ സാമൂഹികവിരുദ്ധ സംഘത്തിന്റെ പിടിയിലായിരുന്നു. ഈ സംഘത്തിലെ ചിലര്‍ കഴിഞ്ഞ ഒരുമാസമായി ഈ പ്രദേശത്തുനിന്നു വിട്ടുനില്‍ക്കുന്നതായി പോലീസിനു വിവരം ലഭിച്ചു.
ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത് യുവാവിനോടൊപ്പമായിരുന്നുവെന്ന സൂചന പ്രത്യേകസംഘത്തിനു ലഭിച്ചു. ലിഗയ്‌ക്കായി ഇയാള്‍ ജിന്‍സ്, സിസേര്‍സ് എന്നീ ബ്രാന്‍ഡ് സിഗരറ്റുകള്‍ കോവളത്തുനിന്നു വാങ്ങിയതിന് അന്വേഷണസംഘത്തിനു തെളിവു ലഭിച്ചു.
ലിഗ ഇയാളെ എങ്ങനെ പരിചയപ്പെട്ടെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നാട്ടുകാര്‍പോലും കയറാന്‍ മടിക്കുന്ന കണ്ടല്‍ക്കാടിനുള്ളില്‍ സ്‌ഥലപരിചയമില്ലാത്ത ലിഗ എത്തിയതിലൂന്നിയാണ് അന്വേഷണം. ലിഗ ഓട്ടോയിലെത്തിയ കോവളം ബീച്ചില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരംമാത്രമാണു കണ്ടല്‍ക്കാട്ടിലേക്ക്. ലിഗ നീന്തല്‍ വിദഗ്‌ധയാണ്. വള്ളം ഉപയോഗിച്ചിട്ടില്ലെന്നാണ് കടത്തുകാരന്റെ മൊഴി. ലിഗയുടേതെന്നു കരുതുന്ന ജാക്കറ്റ് വാങ്ങിയ കടയെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചു. എന്നാല്‍ ജാക്കറ്റ് ലിഗയുടേതല്ലെന്നാണ് സഹോദരി ഇല്‍സി നല്‍കിയ മൊഴി.
വിദേശവനിത പൊന്തക്കാട്ടിലേക്കു പോകുന്നതു കണ്ടെന്നു സമീപവാസിയായ സ്‌ത്രീ പറഞ്ഞതായി മീന്‍പിടിക്കാനെത്തിയ മൂന്നുയുവാക്കള്‍ പോലീസിന് മൊഴിനല്‍കിരുന്നു. എന്നാല്‍ വിദേശ വനിതയെ കണ്ടിട്ടില്ലെന്നാണു സ്‌ത്രീയുടെ മൊഴി. ശാസ്‌ത്രീയമായി അന്വേഷണം മുന്നോട്ടുനീക്കാനാണു ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ നീക്കം.
കേരളത്തിന് വേദനയായി ലിഗ
കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ കാണാതായത് ഒരു മാസം മുന്‍പാണ്. ലിഗയെക്കുറിച്ച് ഒരു സൂചന പോലും ഇല്ലാതെയാണ് മുപ്പത്തിയെട്ട് ദിവസങ്ങള്‍ കടന്ന് പോയത്. പോലീസും ലിഗയുടെ കേരളത്തിലെത്തിയ ബന്ധുക്കളും വ്യാപകമായി തെരച്ചില്‍ നടത്തിയിട്ടും ജീവനോടെ ലിഗയെ കാണാനുള്ള ഭാഗ്യമുണ്ടായില്ല. കോവളത്തെ കണ്ടല്‍ക്കാടുകള്‍ക്കിടിയില്‍ പഴകിയ ഒരു ശവശരീരമായിട്ടാണ് ഇലിസയ്ക്ക് അവളുടെ പ്രിയപ്പെട്ട ചേച്ചിയേയും ആന്‍ഡ്രൂസിന് തന്റെ ജീവനായ ഭാര്യയേയും തിരികെ കിട്ടിയത്.
അന്താരാഷ്ട്ര ടൂറിസം മേഖലയിൽ കോവളത്തിന് വലിയ നാണക്കേടാണ് ലിഗയുടെ മരണമുണ്ടാക്കുന്നത്. ഇത് മറികടക്കാനാണ് ലിഗയുടെ മരണത്തെ ആത്മഹത്യയാക്കാൻ പൊലീസ് ശ്രമിക്കുന്നതിന് കാരണം. ഇതോടെ ലിഗയുടെ ബന്ധുക്കൾ ആശങ്കയിലാകുന്നു. അവർ അന്താരാഷ്ട്ര മാധ്യമങ്ങളോട് കേരളത്തിലെ പൊലീസിന്റെ പൊതു സ്വഭാവം വിശദീകരിക്കുന്നു. ഇത് വിവാദത്തിന് പുതിയ മാനം നൽകുകയാണ്. ലിഗ മറ്റെവിടേക്കെങ്കിലും അവധിയാഘോഷിക്കാൻ പോയതാണെന്നും അവരെ തിരക്കി സമയം കളയാനില്ലെന്നുമായിരുന്നു പരാതിയുമായെത്തിയ ഭർത്താവിനോട് പൊലീസ് എടുത്ത നിലപാട്. വിദേശമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആൻഡ്രൂ പൊലീസിനെതിരേ രൂക്ഷ വിമർശനമുയർത്തിയത്. ലിഗയെ കാണാതായ താമസസ്ഥലത്തിന് വളരെയടുത്താണ് പൊലീസ് സ്റ്റേഷൻ. എന്നിട്ടും കാണാതായ വിവരം അറിയില്ലെന്ന നിലയിലാണ് പൊലീസുകാർ പെരുമാറിയത്. പൊലീസിന്റെ നിസ്സഹകരണമാണ് ഒരുഘട്ടത്തിൽ തിരിച്ചുപോകാനിടയാക്കിയതെന്നും അദ്ദേഹം പറയുന്നു.
മാനസികരോഗമുണ്ടെന്നാരോപിച്ച് തന്നെ നിർബന്ധിത ചികിത്സയ്ക്ക് പൊലീസ് വിധേയനാക്കി. ആറുദിവസം ആശുപത്രിയിൽ കിടത്തി. അറിവോ സമ്മതമോ കൂടാതെ പല ടെസ്റ്റുകളും നടത്തി. ഫോൺ പിടിച്ചുവാങ്ങി. എംബസിയുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല-അങ്ങനെ ആരോപണങ്ങൾ നീളുന്നു. അതേസമയം, നാട്ടുകാർ വളരെ സഹാനുഭൂതിയോടെയാണ് തന്നോട് പെരുമാറിയതെന്നും ആൻഡ്രൂ പറയുന്നു. അന്താരാഷ്ട്ര ടൂറിസംകേന്ദ്രമായ കോവളത്തിന്റെ സുരക്ഷാ പാളിച്ചയിലേക്കാണ് ലിഗയുടെ മരണം വഴിതെളിക്കുന്നത്. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തീരത്ത് കൃത്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ പൊലീസിന് കഴിയുന്നില്ല. ബീച്ചിൽ ഒരിടത്തുപോലും നിരീക്ഷണക്യാമറകളില്ല. ചില ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ മാത്രമാണ് ആശ്രയം. ചെറുകിട സ്ഥാപനങ്ങളിൽ ക്യാമറകളുമില്ല. ഇത്തരം പ്രശ്‌നങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ചയാക്കുകയാണ്. അശോകബീച്ച്, ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിൽ ഒട്ടേറെ ചെറുവഴികളുണ്ട്. ഇവിടെയെങ്ങും നിരീക്ഷണസംവിധാനങ്ങളില്ല. കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്തുന്ന സ്ഥലം, വാഹനപാർക്കിങ്, ബീച്ച് എന്നിവിടങ്ങളിൽ എന്തും സംഭവിക്കാം. വിഷാദരോഗിയായ ലിഗ ബീച്ചിൽ എത്തിയ ശേഷം ഉടൻതന്നെ ആളൊഴിഞ്ഞ പ്രദേശത്ത് എത്താനുള്ള സാധ്യതയില്ല. മൂന്നുകിലോമീറ്റർ ദൂരെയാണ് മൃതദേഹം കണ്ടെത്തിയ പ്രദേശം. ലിഗയുടെ തിരോധാനം വിവാദമായപ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടത്. അതിനിടെ ലിഗയുടെ മരണം കൊലപാതകമാണെന്നു പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ തറപ്പിച്ചുപറയുന്നു.
ലിഗയുടെ മൃതദേഹം കണ്ടെത്തിയിട്ട് ആറ് ദിവസം കഴിഞ്ഞിരിക്കുന്നു. സ്ഥലപരിചയം പോലുമില്ലാത്ത ലിഗ എങ്ങനെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എത്തിയെന്ന സംശയം ബാക്കി നില്‍ക്കുന്നു. മാത്രമല്ല ലിഗയുടേത് അല്ലാത്ത ജാക്കറ്റ് എങ്ങനെ മൃതദേഹത്തില്‍ വന്നുവെന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചിട്ടില്ല. കഴുത്ത് വേര്‍പെട്ടത് എങ്ങനെയെന്ന സംശയത്തിനും ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ലിഗയെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എത്തിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് കുടുംബം സംശയിക്കുന്നത്.