തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യാപാനികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. ഇന്ന് മുതല്‍ മദ്യത്തിന് വില കുറയും. അധിക നിരക്ക് സര്‍ക്കാര്‍ എടുത്ത് കളഞ്ഞതോടെയാണ് വിലയില്‍ കുറവ് ഉണ്ടാകുന്നത്. പ്രളയത്തെ തുടര്‍ന്ന് ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയാണ് എക്‌സൈസ് വകുപ്പ് അധിക നിരക്ക് എടുത്ത് കളഞ്ഞത്.
പ്രളയക്കെടുതി നേരിടുന്നതിനായി പണം കണ്ടെത്താനായി പ്രത്യേക മന്ത്രിസഭായോഗം മദ്യത്തിന്റെ എക്സൈസ് തീരുവ കൂട്ടാന്‍ തീരുമാനമെടുത്തിരുന്നു. നവംബര്‍ 30 വരെയായിരുന്നു അതിന്റെ കാലാവധി. ഇന്നലെ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഇന്നലെ ഒന്നാം തീയതിയായതിനാല്‍ ഇന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.
എക്സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.ഈ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയെന്നാണ് സൂചന. അര ശതമാനം മുതല്‍ 3.5 ശതമാനം വരെയായിരുന്നു എക്സൈസ് നികുതി അന്ന് വര്‍ധിപ്പിച്ചിരുന്നത്.