തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്‌ചാത്തലത്തില്‍ കെ.പി.സി.സി. കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു.കണ്ണൂര്‍ ജില്ലയില്‍ കെ.സുധാകരനും ടീമിനും കനത്ത തിരിച്ചടി ഉണ്ടാകുമെന്നും സൂചന .കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പിരിച്ചുവിടാന്‍ സാധ്യത ഉയരുന്നു.പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഡി.സി.സിക്ക് ആണെന്ന വിലയിരുത്തല്‍ അന്യോഷണ കമ്മീഷനും കെ.പി.സി.സിക്കും ഉണ്ടെന്നാണ് സൂചന.
അതിനിടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കണ്ണൂരിലെ കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസിലെ എ, വിശാല ഐ ഗ്രൂപ്പ് നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്തെത്തി. കഴിഞ്ഞദിവസം പ്രത്യേകമായി വിളിച്ചുചേര്‍ത്ത യോഗം എ ഗ്രൂപ്പ് ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിക്കാന്‍ കെ പി സി സി തീരുമാനിച്ചത്.എ, ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സതീശന്‍ പാച്ചേനി, പി രാമകൃഷ്ണന്‍, കെ പി നൂറുദ്ദീന്‍, എ ഡി മുസ്തഫ, സജീവ് ജോസഫ്, എം പി മുരളി, സോണി സെബാസ്റ്റ്യന്‍, പി പി മാത്യു, സജീവ് മാറോളി, മുണ്ടേരി ഗംഗാധരന്‍, റഷീദ് കവ്വായി, മുഹമ്മദ് ബ്ലാത്തൂര്‍, ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയ നേതാക്കളാണ് തിരുവനന്തപുരത്ത് എത്തിയത്. ചില നിബന്ധനകള്‍ ഗ്രൂപ്പ് നേതാക്കള്‍ കെ പി സി സി നേതൃത്വത്തിന് മുന്നില്‍ വെക്കുന്നുണ്ട്.
കണ്ണൂരിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം കെ സുധാകരന്‍ ഏറ്റെടുക്കണമെന്നാണ് നേതാക്കള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. കൂടാതെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് നടത്തുന്ന പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്നും നേതാക്കള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളിലൊന്നാണ്.പി കെ രാഗേഷിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കേണ്ടത് കെ സുധാകരനല്ല. കെ പി സി സി നേതൃത്വമാണെന്ന കാര്യത്തില്‍ ഉറപ്പു വരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെടും. സുധാകരന്‍ ജില്ലയില്‍ നടത്തുന്ന ഏകാധിപത്യ രീതി അവസാനിപ്പിക്കണം. വികേന്ദ്രീകൃതശൈലി കൊണ്ടുവരണമെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യങ്ങളില്‍ മറ്റൊന്ന്. ഇങ്ങനെയെങ്കില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ കെ പി സി സിയെ അറിയിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് എ ഗ്രൂപ്പ് വിട്ടുനിന്നിരുന്നു. പി രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ അന്ന് കെ സുധാകരന്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. അന്ന് കെ പി സി സി നേതൃത്വം എ ഗ്രൂപ്പിന്റെ അഭാവത്തില്‍ സുധാകരന്റെ ആരോപണങ്ങളും ആവലാതികളും കേട്ടിരുന്നു. ഇതേ മനസ്സോടെ തങ്ങളുടെ നിലപാട് കൂടി കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഏതാനും മാസങ്ങളായി ദുര്‍ബലാവസ്ഥ തുടരുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് വന്ന ത്രിതല പഞ്ചായത്തിലും കോര്‍പറേഷനിലും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി. ഇതിന് മാറ്റം വേണമെന്നാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം താഴെതട്ടിലുള്ള കമ്മിറ്റികള്‍ വേണ്ടത്ര നടത്തിയില്ല. ഫലപ്രദമായ കൂടിയാലോചനകള്‍ നടന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും കമ്മിറ്റികള്‍ ചേര്‍ന്ന് വേണ്ടത്ര ആലോചനയില്ലാതെയാണ് നടന്നത്. മോശം പ്രതിഛായയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കി. സീറ്റ് വിഭജന കാര്യത്തിലും ക്ഷീണമുണ്ടാക്കി. യു ഡി എഫില്‍ തമ്മിലടിയാണെന്നതിന് ഇത് വഴിവെച്ചു. ജില്ലയില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്. പരാജയമുണ്ടായപ്പോള്‍ ഞാനൊന്നും അറിയില്ല എന്നൊരു വാക്കുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. എല്ലാം തുറന്നു പറഞ്ഞ് തെറ്റ് സമ്മതിക്കണം. ഏകാധിപത്യ പ്രവണത വേണ്ടെന്നും പ്രവര്‍ത്തനശൈലിയില്‍ മാറ്റം വേണമെന്നും പത്തുവര്‍ഷത്തിലേറെ ബ്ലോക്ക്, മണ്ഡലം, ജില്ലാ ഭാരവാഹി സ്ഥാനം വഹിക്കുന്നവരെ മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.ഏതായാലും ഇന്നത്തെ യോഗത്തോടെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം കെ പി സി സിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ഡി.സി.സികള്‍ അഴിച്ചുപണിയും. കെ.പി.സി.സി. നിയോഗിച്ച തെരഞ്ഞെടുപ്പ് വിശകലന കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും നടപടി.സംസ്‌ഥാനത്തു കോണ്‍ഗ്രസ് സംഘടനാസംവിധാനം പൂര്‍ണമായി തകര്‍ന്നെന്നാണു രണ്ടുദിവസമായി തിരുവനന്തപുരത്തു നടക്കുന്ന അവലോകനയോഗത്തിന്റെ കണ്ടെത്തല്‍. യോഗം ഇന്നു പൂര്‍ത്തിയായശേഷം അടിയന്തരനടപടിയുണ്ടാകും. തെരഞ്ഞെടുപ്പുഫലം തീര്‍ത്തും മോശമായ ജില്ലകളില്‍ നേതൃനിരയെ അപ്പാടെ മാറ്റും. സമവായനിലപാട് ആവശ്യമായ ജില്ലകളില്‍ ഡി.സി.സി. അഴിച്ചുപണിയേ ഉണ്ടാകൂ. തെരഞ്ഞെടുപ്പിനു മുന്നൊരുക്കം നടത്താതിരുന്ന കൊല്ലം ജില്ലാനേതൃത്വമൊന്നടങ്കം മാറും. നടപടി പ്രതീക്ഷിക്കുന്ന ജില്ലകളില്‍ നേതൃത്വത്തിന്റെ അഭാവം പ്രകടമായിരുന്നെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. സ്‌ഥാനാര്‍ഥിനിര്‍ണയം വൈകിക്കുക, നേതൃത്വം തന്നെ വിമതരെ സൃഷ്‌ടിക്കുക, അവസാനനിമിഷംപോലും അവരെ പിന്തിരിപ്പിക്കാതിരിക്കുക തുടങ്ങിയ അനഭിലഷണീയപ്രവര്‍ത്തനങ്ങളാണു നടന്നത്. കോഴിക്കോട് ഒഴികെ അഞ്ചു കോര്‍പറേഷനുകളില്‍ ഭരണം യു.ഡി.എഫിനു കിട്ടേണ്ട സാഹചര്യം നേതാക്കള്‍തന്നെ ഇല്ലാതാക്കി. അങ്ങനെയുള്ള ജില്ലാ നേതൃത്വങ്ങളുമായി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണു കെ.പി.സി.സി. നിലപാട്.
പാലക്കാട്, തൃശൂര്‍ ജില്ലകളുടെ അവലോകനയോഗത്തില്‍ കെ.പി.സി.സി. നേതൃത്വത്തിനെതിരെയും കടുത്ത ആക്രമണമുണ്ടായി. സര്‍ക്കാരിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്ന് കെ. അച്യുതന്‍ എം.എല്‍.എ. ആരോപിച്ചു. തോല്‍വി പഠിക്കാന്‍ കമ്മിഷനുകളെയൊന്നും പാലക്കാട്ടേക്കു വിടേണ്ടതില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം അയച്ച കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ നടപടിയെടുത്തിട്ടില്ല.
അതിന്റെ പേരില്‍ ജനതാദള്‍ (യു) മുന്നണി വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പാലക്കാട് തോല്‍വി സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ നടപടിയെടുത്ത് ജനതാദളി(യു)നെ ഒപ്പംനിര്‍ത്താന്‍ ശ്രമിക്കണമെന്നും അച്യുതന്‍ ആവശ്യപ്പെട്ടു. എ.വി. ഗോപിനാഥ് പാലക്കാട് ഡി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടി സംവിധാനം ശക്‌തമായിരുന്നെന്നു ഡി.സി.സി. സെക്രട്ടറി പൗലോസ് ചൂണ്ടിക്കാട്ടി. അന്നു വി.എസ്. അച്യുതാനന്ദന്‍പോലും 2000 വോട്ടിനാണു മലമ്പുഴയില്‍ ജയിച്ചത്. ജില്ലയിലെ സ്‌ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വീതംവയ്‌ക്കലായിരുന്നെന്നു കെ.എ. ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പാലക്കാട്ടെ വിമതരുടെ വിജയം പരിശോധിക്കപ്പെടണം. പാലക്കാട്ടെ തിരിച്ചടി പരിശോധിച്ച കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ ശക്‌തമായ റിപ്പോര്‍ട്ടാണു നല്‍കിയത്. പരമ്പരാഗത നായര്‍, ബ്രാഹ്‌മണ, മുസ്ലിം വോട്ടുകള്‍ അവിടെ നഷ്‌ടപ്പെട്ടു. നേതാക്കളില്‍ പ്രവര്‍ത്തകര്‍ക്കു വിശ്വാസം നഷ്‌ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പ് തൃശൂരിലുണ്ടായ സംഘടനാപ്രശ്‌നങ്ങളിലും കൊലപാതകത്തിലും മന്ത്രി സി.എന്‍. ബാലകൃഷ്‌ണനെ പ്രതിസ്‌ഥാനത്തു നിര്‍ത്താനുണ്ടായ ശ്രമം തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെ ഡി.സി.സി. പ്രസിഡന്റ് ജയിലില്‍ സന്ദര്‍ശിച്ചെന്ന പ്രചാരണം, സ്‌ഥാനാര്‍ഥി നിര്‍ണയവീഴ്‌ച, ബി.ജെ.പിയുടെ കടന്നുകയറ്റം, സംഘടനാദൗര്‍ബല്യം എന്നിവ തൃശൂരിലെ പരാജയത്തിനു വഴിവച്ചു. സി.എന്‍. ബാലകൃഷ്‌ണനെ താഴ്‌ത്തിക്കെട്ടാന്‍ എ ഗ്രൂപ്പ് നടത്തിയ ശ്രമമാണു തിരിച്ചടിക്കു കാരണമെന്നു യോഗത്തില്‍ ഐ ഗ്രൂപ്പ് വിമര്‍ശിച്ചു. ബാലകൃഷ്‌ണന്റെ പ്രതിഛായയിലും മേല്‍നോട്ടത്തിലുമാണു തൃശൂരില്‍ പാര്‍ട്ടി വിജയിച്ചിരുന്നത്. അദ്ദേഹത്തെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമം തിരിച്ചടിയായെന്ന വിമര്‍ശനത്തെ എ ഗ്രൂപ്പും ഖണ്ഡിച്ചില്ല. ബി.ജെ.പിയുടെ വളര്‍ച്ച മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും ആരോപണമുയര്‍ന്നു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലാനേതാക്കളുമായുള്ള കൂടിക്കാഴ്‌ചയോടെ അവലോകനം അവസാനിക്കും.കണ്ണൂര്‍ വിഷയത്തില്‍ കെ.പി.സി.സി.നേതൃത്വം ഡി.സി.സി.യുടെ തീരുമാനത്തെ അംഗീകരിച്ച നിലപാടിനെതിരെ ഐ’ഗ്രൂപ്പു നേതാക്കളും ജില്ലയിലെ എ’ഗ്രൂപ്പ് നേതാക്കളും തിരെഞ്ഞെടുപ്പു വിശകലന ചര്‍ച്ച ബഹിഷ്കരിച്ചിരുന്നു.വിധി പറഞ്ഞ കേസില്‍ ഇനി എന്തിനാണ് വിചാരണ എന്നായിരുന്നു നേതാക്കളുടെ ചോദ്യം .