കോട്ടയം: നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ യു ഡി എഫിന് വിജയം. നഗരസഭയിലെ പുത്തൻതോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സൂസന്‍ കെ സേവ്യറാണ് വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിക്ക് 596 വോട്ടും രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ ഡി എഫ് സ്ഥാനാർത്ഥിക്ക് 521 വോട്ടും ലഭിച്ചു. യു ഡി എഫിന്റെ സിറ്റിങ് സീറ്റായിരുന്നു പുത്തന്‍തോട് ഡിവിഷന്‍.
നഗരസഭയിൽ എൽ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങൾ വീതമായിരുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികള്‍ക്കും നിർണ്ണായകമായിരുന്നു. കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജിഷ ബെന്നിയുടെ മരണത്തോടെ യു ഡി എഫിന് ഒരു സീറ്റ് കുറഞ്ഞു. നിലവില്‍ യു ഡി എഫിന് 21 അംഗങ്ങളാണുള്ളത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ യു ഡി എഫിന് ഭരണം നഷ്ടമാകും എന്നതായിരുന്നു സാഹചര്യം. ഇതോടെ ഡിവിഷന്‍ നിലനിർത്താന്‍ യു ഡി എഫും പിടിച്ചെടുക്കാന്‍ എല്‍ ഡി എഫും ശക്തമായ പ്രചരണമായിരുന്നു നടത്തിയിരുന്നത്.
മഹിളാ കോൺഗ്രസ് വൈസ് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ് സൂസൻ സേവ്യർ. ബി ജെ പി സ്ഥാനാർഥിയായി മുൻ കൗൺസിലർ ജിഷാ ബെന്നിയുടെ സഹോദരന്റെ ഭാര്യയും ചിങ്ങവനം കുടുംബശ്രീ സെക്രട്ടറിയുമായ ആൻസി സ്റ്റീഫൻ തെക്കേമഠത്തിലും രംഗത്തുണ്ടായിരുന്നു. യുഡിഎഫ് വിമത സ്ഥാനാർഥിയായി ഗാന്ധിനഗർ സൗത്തിൽ ( 52-ാം വാർഡ്) നിന്നു വിജയിച്ച ബിൻസി സെബാസ്റ്റ്യനാണ് നിലവില്‍ യു ഡി എഫ് പിന്തുണയോടെ നഗരസഭാധ്യക്ഷ.
അതേസമയം ചേർത്ത മുന്‍സിപ്പാലിറ്റിയിലെ പതിനൊന്നാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ എ അജി വിജയിച്ചു. എല്‍ ഡി എഫ് സ്ഥാനാർത്ഥിക്ക് 588 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫിന് വേണ്ടി മത്സരിച്ച അഡ്വ. പ്രേംകുമാർ കാർത്തികേയന് 278 വോട്ടുകളും ലഭിച്ചു.
അതേസമയം കണ്ണൂർ ചെറുതാഴം പഞ്ചായത്ത് 16ാം വാർഡിൽ യുഡിഎഫ് പിടിച്ചെടുത്തു. 80 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥി യു രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് ഒരു വോട്ടിനു വിജയിച്ച വാർഡാണ് യുഡിഫ് പിടിച്ചെടുത്തത്. കണ്ണൂർ കോർപറേഷൻ ഡിവിഷൻ യുഡിഫ് നിലനിർത്തി. മുസ്ലിം ലീഗിലെ എ ഉമൈബ 1015 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞ തവണ 701 വോട്ടായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം.
പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ് പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് അഞ്ചാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ജെസ്സി വർഗീസ് ജയിച്ചു. 78 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. ആകെയുള്ള 13 സീറ്റിൽ യുഡിഎഫ്ന് ആറ് സീറ്റായി. ഒരു സ്വതന്ത്രന്റെ പിന്തുണ അടക്കം എൽഡിഎഫിനും ആറ് സീറ്റുണ്ട്. ബിജെപിക്കാണ് ഒരു സീറ്റ്.